മലപ്പുറം: ഹോം നഴ്‌സായ സ്ത്രീയെ താമസസ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സ്ത്രീയെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സ്ത്രീ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും സംശയിക്കുന്നു. മോഷണശ്രമത്തിനിടെയാകാം കൊലപാതകം സംഭവിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മലപ്പുറത്തുനിന്നുള്ള ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

തിരുവനന്തപുരം സ്വദേശിയായ സ്ത്രീ വര്‍ഷങ്ങളായി വളാഞ്ചേരിയിലെ വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വിവിധയിടങ്ങളില്‍ ഹോം നഴ്‌സായി ഇവര്‍ ജോലിചെയ്തിരുന്നു. 

Content Highlights: women home nurse murdered in valanchery, malappuram