ചാത്തന്നൂര്‍(കൊല്ലം) : ഫ്‌ളാറ്റില്‍ എത്തിയ യുവതികളെ പട്ടാപ്പകല്‍ ആക്രമിച്ച് അഞ്ചംഗസംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഓടിരക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. രണ്ടു യുവതികള്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍ വളപട്ടണം പടിഞ്ഞാറേ വീട്ടില്‍ സതീഷ് (38), പാരിപ്പള്ളി മീനമ്പലം ഇന്ദീവരത്തില്‍ അനില്‍കുമാര്‍ (48) എന്നിവരെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച 12 മണിയോടെ പാരിപ്പള്ളി ജങ്ഷനിലെ അലങ്കാര്‍ ഫ്‌ലാറ്റിലാണ് സംഭവം. അനില്‍കുമാറിന്റെ കാറിലെത്തിയ അഞ്ചംഗസംഘം ഫ്‌ലാറ്റിലുണ്ടായിരുന്ന നാലു യുവതികളുമായി വാക്കുതര്‍ക്കമുണ്ടാകുകയും അത് ആക്രമണത്തിലും മോഷണത്തിലും കലാശിക്കുകയുമായിരുന്നു. യുവതികള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ട സതീഷി(38)നെ പാരിപ്പള്ളി ജങ്ഷനിലെ സ്വകാര്യ ആശുപത്രിക്കുസമീപം നാട്ടുകാര്‍ പിടികൂടി.

ഇയാളില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയും സംഘത്തില്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് അനില്‍കുമാറിനെ പാമ്പുറത്തുെവച്ച് ഇന്‍സ്‌പെക്ടര്‍ അല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടി.

സംഘത്തിലുണ്ടായിരുന്ന കല്ലുവാതുക്കല്‍ വിലവൂര്‍ക്കോണം സ്വദേശി ആശംസ്, പരവൂര്‍ കോങ്ങാല്‍ സ്വദേശി സുനീര്‍, മയ്യനാട് മുക്കം സ്വദേശി അനസ് എന്നിവര്‍ ഒളിവിലാണ്. വെട്ടിയറ സ്വദേശികളായ ദമ്പതിമാരാണ് ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. സ്ത്രീകളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനും മോഷണത്തിനും പാരിപ്പള്ളി പോലീസ് കേസെടുത്തു.