മുംബൈ: സാക്കിനാക്കയില്‍ ബലാത്സംഗത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 30 വയസ്സുകാരിയാണ് മരിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ യുവതി വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. 

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ്  ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്. 

മോഹിത് ചൗഹാന്‍ എന്നയാളാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി ആക്രമിച്ചു. സ്വകാര്യഭാഗങ്ങളില്‍ പലതവണ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയിരുന്നു. ആക്രമണത്തിനുശേഷം ഒരു ടെമ്പോ വാനില്‍ യുവതിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഒരു വഴിയാത്രക്കാരനാണ് ചോരയില്‍ കുളിച്ച് അബോധാവാസ്ഥയില്‍ കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

സംഭവത്തില്‍ പ്രതിയായ മോഹിത് ചൗഹാനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ യുവതിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് കേസില്‍ നിര്‍ണായകമാണെന്നും പോലീസ് പറഞ്ഞു. 

Content Highlights: woman who brutally raped in mumbai dies at a city hospital on saturday