കോയമ്പത്തൂര്‍: മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം. തിരുവനന്തപുരം കൊടിപുരം സ്വദേശി ആര്‍. രാകേഷിന്റെ (30) മുഖത്താണ് കാഞ്ചീപുരം മീനംപാക്കത്തുനിന്നുള്ള പി. ജയന്തി (27) ആസിഡ് ഒഴിച്ചത്. രാകേഷ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതും മറ്റൊരു വിവാഹം കഴിച്ചതുമാണ് പ്രകോപനത്തിന് കാരണം. രാകേഷ് 18 ലക്ഷം രൂപ വാങ്ങിച്ചെടുത്തതായും ജയന്തി പരാതി നല്‍കി. 

ദുബായിലെ ഒരു സ്പായില്‍ രാകേഷിനൊപ്പം ജയന്തി ജോലി ചെയ്തിരുന്നു. ജയന്തിയും രാകേഷും അവിടെ ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ജയന്തി.  ജൂലായില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ രാകേഷ് മൂന്നു മാസം മുന്‍പു വിവാഹിതനായി. വിവാഹിതനായ വിവരം രാകേഷ് ജയന്തിയില്‍ നിന്ന് മറച്ചുവെച്ചിരുന്നു. ഇതിനിടെ ജയന്തിയും ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. 

പീളമേട്ടിലെ അപ്പാര്‍ട്‌മെന്റില്‍ എത്താന്‍ കഴിഞ്ഞ ദിവസം രാകേഷ് ജയന്തിക്ക് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് കൂടിക്കാഴ്ചയില്‍ വിവാഹം കഴിക്കാന്‍ ജയന്തി രാകേഷിനോട് ആവശ്യപ്പെട്ടു. രാകേഷ് ഇത് നിരസിക്കുകയും വിവാഹിതനായ വിവരം അറിയിക്കുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ ബാഗില്‍ നിന്ന് ആസിഡ് ബോട്ടില്‍ എടുത്ത ജയന്തി രാകേഷിന്റെ മുഖത്തേക്ക് ഒഴിച്ചു. 

രാകേഷിന് ഇടതു കണ്ണിന്റെ ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. രാകേഷിനെ ജയന്തി കത്തി ഉപയോഗിച്ച് ആക്രമിച്ചതായും പൊലീസ് അറിയിച്ചു. പിന്നീട് ജയന്തി വിഷം കഴിച്ചു. പാര്‍പ്പിട സമുച്ഛയത്തിലെ സെക്യൂരിറ്റിയാണ് ഇരുവരേയും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു.

രാകേഷിന്റെ പരാതിയില്‍ ജയന്തിക്കെതിരേ പീളമേട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാകേഷ് തന്നില്‍നിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പരാതി നല്‍കി. രാകേഷിനെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്.

Content Highlights: Woman throws acid on ex-boyfriend in Coimbatore