ഹൈദരാബാദ്: സുരക്ഷാ ജീവനക്കാരനെ പരസ്യമായി മർദിച്ച് യുവതി. ഹൈദരാബാദ് ചന്ദ്രനഗറിലെ ഒരു അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് മർദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

കാറിൽ അപ്പാർട്ട്മെന്റിലേക്ക് വന്ന യുവതി കാറിൽനിന്നിറങ്ങി വാക്കേറ്റത്തിനൊടുവിൽ ജീവനക്കാരനെ മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സുരക്ഷാ ജീവനക്കാരന്റെ മുഖത്തടിക്കുന്നതും ചവിട്ടുന്നതും ചെരിപ്പ് കൊണ്ട് തല്ലുന്നതും 58 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്. എന്നാൽ, സുരക്ഷാ ജീവനക്കാരനെ മർദിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.

സിസിടിവി ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പരാതി ലഭിച്ചതായി പോലീസ് പറഞ്ഞു. റഫീഖ് എന്നാണ് മർദനമേറ്റ സുരക്ഷാ ജീവനക്കാരന്റെ പേര്. ഇയാൾ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.

ശ്രീലക്ഷ്മി എന്ന യുവതിയാണ് മർദിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിൽനിന്ന് അനുമതി ലഭിച്ചാലുടൻ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു. അതേസമയം, മർദനത്തിന് പിന്നിലെ കാരണമെന്താണെന്ന് പോലീസും വ്യക്തമാക്കിയിട്ടില്ല.

Content Highlights:woman thrashed security staff in hyderabad