ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട വനിതാ ടെക്കിയെ പോലീസ് അറസ്റ്റ് ചെയ്തു. ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്നാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അമൃത(33)യെയും കാമുകനെയും പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. 

ഫെബ്രുവരി രണ്ട് ഞായറാഴ്ച പുലര്‍ച്ചെയാണ് അമൃത അമ്മ നിര്‍മലയെ കുത്തിക്കൊന്നത്. ഇതിനുശേഷം സഹോദരന്‍ ഹരീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനുപിന്നാലെയാണ് വീട്ടില്‍നിന്ന് കടന്നുകളഞ്ഞത്. 

സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയ ബെംഗളൂരു പോലീസ് അമൃതയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് യുവതിയെ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കടന്നുകളഞ്ഞ അമൃത കാമുകനൊപ്പം ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ആന്‍ഡമാനിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ ബെംഗളൂരു പോലീസിന്റെ പ്രത്യേകസംഘം ചൊവ്വാഴ്ച രാത്രി അവിടേക്ക് തിരിച്ചു. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് അന്വേഷണസംഘം ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി പിടികൂടിയത്. അമൃതയും യുവാവും ആന്‍ഡമാനില്‍ ഉല്ലസിക്കുന്നതിനിടെയാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരെയും ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ചയോ ബെംഗളൂരുവില്‍ എത്തിക്കുമെന്ന് വൈറ്റ്ഫീല്‍ഡ് ഡിസിപി അറിയിച്ചു. 

15 ലക്ഷം രൂപയുടെ കടബാധ്യത കുടുംബത്തിന് നാണക്കേടാകുമെന്ന് ഭയന്നാണ് അമൃത അമ്മയെ കുത്തിക്കൊലപ്പെടുത്തിയത്. ഇതിനെചൊല്ലി അമൃതയും അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊലപാതകശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ സഹോദരന്‍ ഹരീഷ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Content Highlights: woman techie killed her mother in bengaluru; arrested with her lover in andaman