പാലക്കാട്: രണ്ട് മക്കളുമായി കിണറ്റിൽ ചാടി വീട്ടമ്മയുടെ ആത്മഹത്യാശ്രമം. പാലക്കാട് ഉപ്പുംപാടം സ്വദേശി മഞ്ജുളയാണ് ആറും മൂന്നും വയസ്സുള്ള കുട്ടികളുമായി കിണറ്റിൽചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. മഞ്ജുളയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികൾ രണ്ട് പേരും മരിച്ചു. അഭിൻ(ആറ്), അഭിത്(മൂന്ന്) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ദാരുണമായ സംഭവം. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന മഞ്ജുള രണ്ട് മക്കളെയും എടുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് മഞ്ജുളയെ രക്ഷപ്പെടുത്തിയത്. തുടർന്ന് കുട്ടികളെയും കിണറ്റിൽനിന്ന് പുറത്തെടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു.

ദാമ്പത്യപ്രശ്നങ്ങളാണ് യുവതിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വിവാഹമോചന കേസ് കോടതിയിൽ നടന്നുവരികയാണ്. പരിക്കേറ്റ മഞ്ജുളയെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങളും മോർച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:woman suicide attempt in palakkad her two sons died