ബെംഗളൂരു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ വീടിനുമുന്നില്‍വെച്ച് സ്ത്രീ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗരഗ് ഗ്രാമത്തിലെ ശ്രീദേവി വീരപ്പ കമ്മാര്‍ ആണ് ചികിത്സയിലുള്ളത്.

തകര്‍ന്ന വീട് നന്നാക്കാന്‍ പണത്തിനായി സ്ഥലം എം.പി. കൂടിയായ മന്ത്രിയെ കാണാന്‍ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പറയുന്നു. ഇക്കാര്യം വിശദീകരിച്ച കുറിപ്പ് എഴുതിവെച്ചശേഷമായിരുന്നു വിഷം കഴിച്ചത്. മന്ത്രിയുടെ വീടിനുമുന്നില്‍നിന്ന് പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മന്ത്രിയെ നേരില്‍കാണാന്‍ ഇവര്‍ കഴിഞ്ഞ ആറുമാസമായി ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന് പറയുന്നു. സഹായധനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ. അമൃത് ദേശായിയെയും സമീപിച്ചിരുന്നു.

എം.പി.യെ കാണാനാണ് എം.എല്‍.എ. നിര്‍ദേശിച്ചത്. ഹുബ്ബള്ളിയിലെ വീട്ടില്‍ മന്ത്രിയെ കാണാന്‍കഴിയാതെ വന്നതോടെ ഇവര്‍ ഡല്‍ഹിയില്‍ പോയിരുന്നു. പാര്‍ലമെന്റ് യോഗം നടക്കുന്ന സമയത്തായിരുന്നു ഇത്. അതിനാല്‍ കാണാനായില്ല.

ധാര്‍വാഡ് താലൂക്കിലുള്ള ഗരഗ് ഗ്രാമത്തിലെ ഇവരുടെ വീട് കഴിഞ്ഞവര്‍ഷമാണ് തകര്‍ന്നത്. ഇതിനുള്ള നഷ്ടപരിഹാരമായി 50,000 രൂപയാണ് ലഭിച്ചത്. ഇതുകൊണ്ട് വീട് പുനര്‍നിര്‍മിക്കാനായില്ലെന്ന് ഇവര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)