രാജ്കോട്ട്: പ്രണയത്തിൽനിന്ന് പിന്മാറിയ യുവതിയെ മുൻകാമുകൻ കുത്തിക്കൊന്നു. ഗുജറാത്തിലെ ജുനഗഢ്‌ ദോലത്ത്പാര ജിഐഡിസി മേഖലയിലെ തിരക്കേറിയ പച്ചക്കറി മാർക്കറ്റിലായിരുന്നു സംഭവം. ബാഗസ്ര സ്വദേശി ഭാവന സോനു ഗോസ്വാമി(30)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാവനയുടെ മുൻകാമുകനായ സഞ്ജയ് പ്രവീൺ ഗോസ്വാമി(32)യെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രണയത്തിൽനിന്ന് പിന്മാറി ഭാവന മറ്റൊരാൾക്കൊപ്പം താമസം ആരംഭിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 2012-ൽ വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം ലാത്തി ടൗണിലേക്ക് താമസം മാറിയതോടെയാണ് ഭാവനയും സഞ്ജയും അടുപ്പത്തിലാകുന്നത്. ഒന്നരവർഷം മുമ്പ് വരെ ഇരുവരും പ്രണയം തുടർന്നു. എന്നാൽ ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് ഭാവന സ്വന്തം നാട്ടിലേക്ക് മടങ്ങിയതോടെ സഞ്ജയുമായുള്ള ബന്ധം അവസാനിപ്പിച്ചു. പലതവണ ഭാവനയെ കാണാൻ സഞ്ജയ് എത്തിയെങ്കിലും ബന്ധം തുടരാൻ ഭാവന സമ്മതിച്ചില്ല.

ഒമ്പത് മാസം മുമ്പാണ് ഭാവന സോനു ഗോസ്വാമി എന്നയാളെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾക്കൊപ്പം ജുനഗഢില്‍ താമസം ആരംഭിച്ചു. ഇക്കാര്യമറിഞ്ഞ സഞ്ജയ് പലതവണ ഭാവനയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് സഞ്ജയ് ഭാവനയെ തിരഞ്ഞ് ജുനഗഢില്‍ എത്തിയത്. ഭാവനയുടെ വീടും പരിസരവും നിരീക്ഷിച്ചിരുന്ന ഇയാൾ യുവതി വീട്ടിൽനിന്ന് പുറത്തിറങ്ങിയതോടെ പിന്തുടർന്നു. തിരക്കേറിയ മാർക്കറ്റിൽവെച്ച് തന്നോടൊപ്പം വരാൻ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഭാവന ഇതിന് വിസമ്മതിച്ചതോടെ കൈയിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു.

പത്ത് തവണയാണ് സഞ്ജയ് ഭാവനയുടെ ശരീരത്തിൽ കുത്തിയതെന്ന് പോലീസ് പറഞ്ഞു. മാരകമായി പരിക്കേറ്റ ഭാവന സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിന് ശേഷം യുവതിയുടെ മൃതദേഹത്തിനരികിൽതന്നെ സഞ്ജയ് ഏറെനേരം ഇരുന്നിരുന്നു. പിന്നീട് പോലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Content Highlights:woman stabbed to death by ex lover in rajkot gujarat