തലയോലപ്പറമ്പ്: പ്രേമാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി. എറണാകുളം എടക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിതടത്തില്‍ ജിനേഷിനെയാണ്(32) പിടികൂടിയത്. 

jineshസംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: രണ്ട് മക്കളോടൊപ്പം താമസിക്കുന്ന 38-കാരിയോട് പ്രേമാഭ്യര്‍ഥനയുമായി ജിനേഷ് ഇവരുടെ വീട്ടില്‍ വരുമായിരുന്നു. ഇയാളുടെ പ്രേമാഭ്യര്‍ഥന സ്ത്രീ നിരസിച്ചു.

ഇതിന്റെ വൈരത്തില്‍ വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ക്ഷേത്രദര്‍ശനത്തിന് പോയി സ്ത്രീ തിരികെ വരുന്ന സമയം ബൈക്കിലെത്തി കുത്തുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബൈക്കില്‍ രക്ഷപ്പെട്ടു. പരിക്കേറ്റ സ്ത്രീയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ പ്രതിയുടെ വീടിനു സമീപത്തുനിന്ന് പോലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. സി.ഐ. ബിന്‍സ് ജോസഫ്, എസ്.ഐ.മാരായ ശരണ്യ എസ്.ദേവന്‍, സുധീരന്‍, അനസ്, എസ്.സി.പി.ഒ. സുജ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.