അഞ്ചല്‍(കൊല്ലം): യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ അഞ്ചല്‍ സി.ഐ.ക്കും റൂറല്‍ എസ്.പിക്കും പരാതി നല്‍കി. ഏറം വെള്ളിശ്ശേരില്‍വീട്ടില്‍ ഉത്ര(25) വീട്ടിനുള്ളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് അച്ഛന്‍ വിശ്വസേനനും അമ്മ മണിമേഖലയും പോലീസില്‍ പരാതി നല്‍കിയത്.

മേയ് ഏഴിനാണ് ഏറത്തെ കുടുംബവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ ഉത്രയെ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതു കൈയില്‍ പാമ്പുകടിയേറ്റതിന്റെ പാട് കണ്ടത്. അടൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച്‌ പാമ്പുകടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും പാമ്പുകടിയേറ്റത്.

ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് പാമ്പുകടിയേറ്റതും രാത്രിയിലായിരുന്നു. പാമ്പുകടിയേറ്റിട്ട് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു. രണ്ടാമത് പാമ്പുകടിയേറ്റ ദിവസം ഉത്രയുടെ കിടപ്പുമുറിയുടെ ജനലുകള്‍ തുറന്നിട്ടത് സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്. ടൈല്‍ പാകിയതും എ.സി. ഉള്ളതുമായ കിടപ്പുമുറിയുടെ ജനലുകള്‍ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. ഭര്‍ത്താവാണ് ജനലുകള്‍ തുറന്നിട്ടത്.

പാമ്പിനെ ആദ്യം കണ്ടതും ഭര്‍ത്താവാണ്. മകള്‍ക്ക് കൊടുത്ത സ്വര്‍ണാഭരണങ്ങളും പണവും കാണാനില്ലെന്നും വിശദമായ അന്വേഷണത്തിലൂടെ മരണകാരണം പുറത്ത് കൊണ്ടുവരണമെന്നും അച്ഛന്‍ വിശ്വസേനനും സഹോദരന്‍ വിഷ്ണുവും പറഞ്ഞു.

Content Highlights: woman snake bite death anchal kollam, uthra death