വാഷിങ്ടൺ: താമസിക്കുന്ന വീടിന് തീയിട്ട കേസിൽ സ്ത്രീ അറസ്റ്റിൽ. യു.എസിലെ മേരിലാൻഡിൽ താമസിക്കുന്ന ഗെയിൽ മെറ്റ് വാലി(47)യെയാണ് അധികൃതർ പിടികൂടിയത്. വീടിന് തീയിട്ട ശേഷം ഗെയിൽ മുറ്റത്ത് കസേരയിലിരുന്ന് ആസ്വദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഏപ്രിൽ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് ഒരുമണിയോടെ വീടിന് തീയിട്ട ശേഷം ഗെയിൽ മുറ്റത്തേക്ക് വന്ന് കസേരയിട്ട് ഇരിക്കുകയായിരുന്നു. വീട് കത്തിയമരുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ഗെയിൽ ഇരിപ്പുറപ്പിച്ചു. സംഭവസമയം ഗെയിലിന്റെ കൂടെ താമസിച്ചിരുന്ന ഒരു സ്ത്രീ വീടിന്റെ ബേസ്മെന്റിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ ഇവരെ രക്ഷപ്പെടുത്തി. സംഭവത്തിന് പിന്നാലെ വീടിന് തീവെച്ച ഗെയിൽ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

ഗെയിൽ ഉൾപ്പെടെ നാലുപേരാണ് വീട്ടിൽ താമസിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഇവരിൽ രണ്ടുപേർ സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. തീവെയ്പ്പ്, കൊലപാതകശ്രമം തുടങ്ങിയ
കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഗെയിൽ വീടിന് തീയിടാനുണ്ടായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിന് തൊട്ടുമുമ്പ് ഗെയിൽ വീട്ടിലെ താമസക്കാരിയായ മറ്റൊരു സ്ത്രീയുമായി വാക്കേറ്റത്തിലേർപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Content Highlights:woman set fire home in maryland