റായ്പുര്‍: ബലാത്സംഗശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം തീകൊളുത്തി. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലെ ബാംഗോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ പിന്നീട് ബിലാസ്പുരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ശരദ് മാസിഹ്(25) പ്രിതം പൈക്ര(22) സരോജ് ഗോഡ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. 

മെയ് ആറിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 27 വയസ്സുകാരി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് മൂന്നംഗ സംഘം വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ പീഡനശ്രമം ചെറുത്തതോടെ ഇവര്‍ യുവതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസമയം തൊട്ടടുത്ത മുത്തച്ഛന്റെ വീട്ടിലായിരുന്ന ഭര്‍ത്താവ് നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ തീ ആളിപ്പടര്‍ന്നനിലയിലാണ് ഭാര്യയെ കണ്ടത്. തുടര്‍ന്ന് ഇയാളും അയല്‍ക്കാരും ചേര്‍ന്ന് തീ അണച്ച ശേഷം യുവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

Content Highlights: woman set fire by three men after resisted molestation