പാട്ന: കോവിഡ് ബാധിച്ച ഭർത്താവിന്റെ ചികിത്സയ്ക്കിടെ നേരിട്ട ദുരനുഭവങ്ങളും ആശുപത്രി അധികൃതരുടെ വീഴ്ചകളും വെളിപ്പെടുത്തി യുവതി. ബിഹാറിലെ മൂന്ന് ആശുപത്രികളിൽനിന്ന് നേരിട്ട ദുരനുഭവങ്ങളാണ് 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ യുവതി പറയുന്നത്. ആശുപത്രി വാർഡിൽ താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്നും യുവതി ആരോപിച്ചു.

ആരോഗ്യപ്രവർത്തകരുടെ വീഴ്ചയാണ് തന്റെ ഭർത്താവിന്റെ മരണത്തിന് കാരണമായതെന്നാണ് യുവതിയുടെ ആരോപണം. ഡോക്ടർമാരും ജീവനക്കാരും മതിയായ പരിചരണം നൽകാൻ തയ്യാറായില്ലെന്നും മണ്ണും ചെളിയും നിറഞ്ഞ കിടക്കവിരിയിലാണ് അദ്ദേഹത്തെ കിടത്തിയതെന്നും ഇവർ പറയുന്നു. ഉയർന്നവില നൽകി വാങ്ങിയ റെംഡെസിവിർ ഇൻജക്ഷന്റെ പകുതിയോളം ജീവനക്കാരുടെ അശ്രദ്ധകാരണം നഷ്ടമായെന്നും യുവതി ആരോപിച്ചു.

'' ഞാനും എന്റെ ഭർത്താവും നോയിഡയിലാണ് താമസിച്ചിരുന്നത്. ഹോളി ആഘോഷത്തിനായാണ് ഞങ്ങൾ ബിഹാറിലെത്തിയത്. കുടുംബാംഗങ്ങൾ ഒത്തുചേർന്ന ഒരു ചടങ്ങായിരുന്നു അത്. ഏപ്രിൽ ഒമ്പതാം തീയതിയാണ് ഭർത്താവിന് സുഖമില്ലാതായത്. രണ്ട് തവണ ഞങ്ങൾ കോവിഡ് പരിശോധന നടത്തിയെങ്കിലും അത് നെഗറ്റീവായിരുന്നു. തുടർന്ന് ആർടിപിസിആർ പരിശോധനഫലം കാത്തിരിക്കുന്നതിനിടെയാണ് നോയിഡയിലെ ഒരു ഡോക്ടർ സിടി സ്കാൻ ചെയ്യാൻ നിർദേശിച്ചത്. സ്കാൻ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ 60 ശതമാനം അണുബാധയുണ്ടായിരുന്നു. തുടർന്ന് ഭർത്താവിനെയും എന്റെ അമ്മയെയും ഭഗൽപുരിലെ ഗ്ലോകാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടുപേരെയും പിന്നീട് ഐസിയുവിലേക്ക് മാറ്റി. എന്നാൽ അവിടെ ഒരുപാട് വീഴ്ചകളാണ് ഞാൻ കണ്ടത്. പരിശോധനയ്ക്ക് വരുന്ന ഡോക്ടർമാർ നിമിഷങ്ങൾക്കകം വന്നുപോകുന്നു. അറ്റൻഡർമാരെയോ മറ്റുജീവനക്കാരെയോ കാണാൻ പോലും കഴിഞ്ഞില്ല. അവർ രോഗികൾക്ക് മരുന്ന് നൽകാനും തയ്യാറായില്ല. ചികിത്സയ്ക്കിടെ അമ്മയുടെ നില മെച്ചപ്പെട്ടു. എന്നാൽ ഒരുഘട്ടം പിന്നിട്ടപ്പോൾ ഭർത്താവിന് സംസാരിക്കാൻ പോലും കഴിയാതായി. അദ്ദേഹം വെള്ളത്തിന് വേണ്ടി ആംഗ്യത്തിൽ ചോദിച്ചിട്ടും ആരും വെള്ളം നൽകിയില്ല.

ജ്യോതികുമാർ എന്ന പേരിലുള്ള ഒരു അറ്റൻഡറും അവിടെയുണ്ടായിരുന്നു. ഭർത്താവിന്റെ കാര്യത്തിൽ സഹായിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. വൃത്തിയുള്ള കിടക്കവിരികൾ നൽകാൻ ആവശ്യപ്പെട്ടു. അദ്ദേഹം സഹായിക്കാമെന്നും പറഞ്ഞു. എന്നാൽ ഞാൻ എന്റെ ഭർത്താവിനോട് സംസാരിച്ചിരിക്കുന്നതിനിടെ അയാൾ പിന്നിൽനിന്ന് എന്റെ ദുപ്പട്ട വലിച്ചുമാറ്റി. ഞെട്ടിത്തരിച്ച് ഞാൻ നോക്കിയപ്പോൾ അയാൾ എന്റെ അരക്കെട്ടിൽ കൈവെച്ച് കൊണ്ട് ചിരിച്ചുനിൽക്കുകയായിരുന്നു. ഞാൻ ഉടൻതന്നെ ദുപ്പട്ട പിടിച്ചുവാങ്ങി. പരിഭ്രമവും ഭയവും കാരണം ആ നിമിഷം എനിക്ക് ഒന്നും പറയാനായില്ല''- യുവതി പറഞ്ഞു.

ഭഗൽപുരിലെ സ്വകാര്യ ആശുപത്രിക്ക് പുറമേ മായാഗഞ്ചിലെയും പാട്നയിലെയും ആശുപത്രികളിലും മോശം അനുഭവങ്ങൾ നേരിടേണ്ടിവന്നതായാണ് യുവതിയുടെ ആരോപണം. യുവതിയുടെ ഭർത്താവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായാണ് ഈ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. എന്നാൽ മായാഗഞ്ചിലെ സർക്കാർ ആശുപത്രിയിൽ രാത്രി ഷിഫ്റ്റിലെ ഡോക്ടർമാർ ഭർത്താവിനെ പരിശോധിക്കാൻ തയ്യാറായില്ലെന്നും ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടാണ് ഓക്സിജൻ നൽകിയതെന്നും ഇവർ പറഞ്ഞു. പാട്നയിലെ രാജേശ്വർ ആശുപത്രിയിൽ ജീവനക്കാർ ഓക്സിജൻ വിതരണം ഇടയ്ക്ക് തടസപ്പെടുത്തിയെന്നും കരിഞ്ചന്തയിൽനിന്ന് ഓക്സിജൻ വാങ്ങാൻ നിർബന്ധിച്ചെന്നും വീഡിയോയിൽ ആരോപിക്കുന്നു.

യുവതിയുടെ വീഡിയോ പുറത്തുവന്നതോടെ ഭഗൽപുരിലെ ഗ്ലോകാൽ ആശുപത്രി അധികൃതർ തങ്ങളുടെ ജീവനക്കാരനെതിരേ നടപടി സ്വീകരിച്ചു. ലൈംഗികാതിക്രമത്തിൽ ആരോപണവിധേയനായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Content Highlights:woman says about medical negligence and sexual harassment in bihar hospital