ചെന്നൈ: ഐ.ജി.ക്കെതിരേ ലൈംഗിക പീഡനം ആരോപിച്ച് വനിത എസ്.പി. നൽകിയ പരാതിയിലുള്ള അന്വേഷണം തെലങ്കാന പോലീസിന് കൈമാറി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ്. മുരുകനെതിരേ കീഴുദ്യോഗസ്ഥയായ എസ്.പി.യാണ് ഒരുവർഷം മുമ്പ് പരാതി നൽകിയത്.
നിലവിൽ സി.ബി.സി.ഐ.ഡി.യും പോലീസിലെ ഇന്റേണൽ കംപ്ലയൻസ് കമ്മിറ്റി(ഐ.സി.സി.) അന്വേഷിക്കുന്ന കേസാണ് തെലങ്കാന പോലീസിന് കൈമാറുന്നത്. ഐ.സി.സി. ചെയർപേഴ്‌സനിൽ പരാതിക്കാരി അവിശ്വാസം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് കോടതിയുടെ നടപടി.
ജസ്റ്റിസ് വിനീത് കോത്താരി, ജസ്റ്റിസ് സി.വി. കാർത്തികേയൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണം തെലങ്കാന പോലീസിന് കൈമാറാൻ നിർദേശിച്ച കോടതി മുതിർന്ന വനിതാപോലീസ് ഓഫീസറെ ഇതിനായി ചുമതലപ്പെടുത്തണമെന്ന് തെലങ്കാന ഡി.ജി.പിയോട് നിർദേശിച്ചു. ആറ് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. കേസുമായി ബന്ധപ്പെട്ട രേഖകൾ ഉടൻ തെലങ്കാന ചീഫ് സെക്രട്ടറി മുഖേന അവിടുത്തെ ഡി.ജി.പി.യ്ക്ക് കൈമാറാൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് കോടതി നിർദേശിച്ചു.
അന്വേഷണം വിരമിച്ച ജഡ്ജിയെയോ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെയോ ഏൽപ്പിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം മറികടന്നാണ് കോടതിയുടെ ഉത്തരവ്. വിജിലൻസ് ജോയിന്റ് ഡയറക്ടറായിരുന്ന മുരുകന് കീഴിൽ ജോലി ചെയ്യുമ്പോൾ പല തവണ അപമര്യാദയായ പെരുമാറ്റം നേരിടേണ്ടി വന്നുവെന്നായിരുന്നു എസ്.പിയുടെ പരാതി. അശ്ലീല വീഡിയോ ദൃശ്യങ്ങൾ കാണിക്കുന്നതിനും അസമയങ്ങളിൽ ഫോണിൽ വിളിയ്ക്കുകയും അശ്ലീല സംഭാഷണങ്ങൾ നടത്താൻ ശ്രമിക്കുകയും ചെയ്താതും ഇവർ ആരോപിക്കുന്നു.
Content Highlights: Woman SP's complained that IG had made obscene talks and sent videos