ജയ്പൂര്‍: കുടുംബവഴക്കിനിടെ യുവതിയുടെ മൂക്ക് അറുത്തെടുത്തു. രാജസ്ഥാനിലെ  ബാര്‍മര്‍ ജില്ലയിലാണ് സംഭവം. മൂക്ക് ഛേദിക്കപ്പെട്ട യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 

ബാര്‍മറിലെ ധുദു ഗ്രാമത്തിലെ പുരോ ദേവിയ്ക്ക് നേരേയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. പുരോ ദേവിയുടെ മകളുടെ ആദ്യഭര്‍ത്താവിന്റെ ബന്ധുക്കളാണ് ഇവരുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. 

പുരോ ദേവിയുടെ മകളും ലുഖു സ്വദേശി ദേരാമരം ജാട്ടും തമ്മില്‍ നാല് വര്‍ഷം  മുന്‍പ് വിവാഹിതരായിരുന്നു. എന്നാല്‍ കുടുംബപ്രശ്‌നങ്ങള്‍ കാരണം ഇരുവരും പിന്നീട് ബന്ധം വേര്‍പ്പെടുത്തി. തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ്  പുരോ ദേവി മറ്റൊരു യുവാവുമായി മകളുടെ വിവാഹം നടത്തി. ഇക്കാര്യമറിഞ്ഞ  ആദ്യ ഭര്‍ത്താവും ബന്ധുക്കളും ഇതിനെചൊല്ലി പുരോദേവിയുമായി നിരന്തരം വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസവും ഇവര്‍ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. ഈ കലഹത്തിനിടെയാണ് രണ്ടു പേര്‍ പുരോദേവിയുടെ മൂക്ക് അറുത്തെടുത്തത്. അക്രമത്തില്‍ പുരോദേവിയുടെ ഭര്‍ത്താവിനും പരിക്കേറ്റു. 

വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് പുരോദേവിയെ ആശുപത്രിയിലെത്തിച്ചത്. ഗ്രാമത്തിലെ ആരോഗ്യകേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ ബാര്‍മറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

സംഭവത്തില്‍ ഐ.പി.സി. 307, 458 വകുപ്പുകള്‍ പ്രകാരം രണ്ടുപേര്‍ക്കെതിരേ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ബാര്‍മര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു. യുവതിയുടെ ആരോഗ്യസ്ഥിതി ഭേദപ്പെട്ടാല്‍ അവരില്‍നിന്ന് മൊഴിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: woman's nose chopped off over family dispute