ഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് ഹൈദരാബാദില്‍ വീണ്ടും ദാരുണ കൊലപാതകം. ഹൈദരാബാദിന് സമീപം ചേവല്ലയിലാണ് സംഭവം. 

ചേവല്ലയിലെ ഒരു പാലത്തിനടിയിലാണ് 25-30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തിയത്. കല്ല് കൊണ്ടുള്ള ആക്രമണത്തില്‍ മുഖം വികൃതമായിരുന്നു. കൈകള്‍ കെട്ടിയിട്ട നിലയിലും. അതേസമയം, യുവതി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാകാമെന്നാണ്  പ്രാഥമിക നിഗമനം. മറ്റൊരിടത്തുവെച്ച് കൃത്യം നടത്തിയ ശേഷം മൃതദേഹം പാലത്തിനടിയില്‍ ഉപേക്ഷിച്ചതാകുമെന്നും പോലീസ് കരുതുന്നു. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുകയാണ്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞവര്‍ഷം നവംബറിലാണ് ഹൈദരാബാദിന് സമീപം ഷംഷാബാദില്‍ വെറ്ററിനറി ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പിന്നീട് ദിശ എന്ന പേരിലയറിപ്പെട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്. ഈ കേസിലെ പ്രതികള്‍ ദിവസങ്ങള്‍ക്കകം പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 

Content Highlights: woman's naked body found under culvert in chevalla hyderabad