കൊച്ചി: ആലുവയില്‍ പെരിയാറില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് തിരിച്ചറിഞ്ഞു. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവം കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. 

കഴിഞ്ഞദിവസം വൈകിട്ടാണ് ആലുവ യു.സി. കോളേജിന് സമീപം പെരിയാറില്‍ മൃതദേഹം കണ്ടെത്തിയത്. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദിക വിദ്യാർഥികളാണ്  മൃതദേഹം കണ്ടത്. പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലില്‍ താഴത്തിയ നിലയിലായിരുന്നു. മൃതദേഹം ഒഴുകി വന്ന് ഈ ഭാഗത്ത് തടഞ്ഞതാണെന്ന് കരുതുന്നു. വലതുകൈ ഉയര്‍ത്തിപ്പിടിച്ച നിലയിലാണ് മൃതദേഹം.

രാത്രി മൃതദേഹം കെട്ടഴിക്കാനാകാത്തതിനാല്‍ ബുധനാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ സ്ത്രീകളെക്കുറിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പരാതികളൊന്നും ലഭിക്കാത്തതിനാല്‍ സമീപപ്രദേശങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Content Highlights: woman's deadbody found in periyar river alwaye