ന്യൂഡല്‍ഹി: കാറിനുള്ളില്‍ വച്ച് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്തശേഷം ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് രാജ്‌നഗര്‍ സ്വദേശി യശ്വന്ത് റാണ(25), കാമുകി മുരാദ്‌നഗര്‍ സ്വദേശി അന്‍ഷുല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യശ്വന്ത് റാണയുടെ ഭാര്യ ശിവാനിയെ ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച വൈകീട്ട് ആറു മണി മുതല്‍ രാത്രി 9.30  വരെയുള്ള മൂന്നര മണിക്കൂറിനിടെയാണ് ഡല്‍ഹി-മീററ്റ് റോഡില്‍ നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. രാജ്‌നഗറിലെ ഒരു സ്‌കൂളില്‍ ഒരുമിച്ച് ജോലിചെയ്യുന്ന യശ്വന്ത് റാണയും കാമുകി അന്‍ഷുലും ചേര്‍ന്നാണ് യശ്വന്തിന്റെ ഭാര്യ ശിവാനിയെ കാറിനുള്ളില്‍വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നാടന്‍തോക്ക് ഉപയോഗിച്ച് ശിവാനിയെ വെടിവച്ചെങ്കിലും മരിച്ചിട്ടില്ലെന്ന് കണ്ടതോടെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓടുന്ന കാറിനുള്ളില്‍നിന്ന് യുവതിയുടെ കരച്ചില്‍കേട്ട പോലീസ് പട്രോളിങ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടി. ഇതോടെയാണ് ശിവാനിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതെന്ന് വ്യക്തമായത്. 

രണ്ടുവര്‍ഷം മുമ്പ് വിവാഹിതരായ രാജ്കുമാര്‍-ശിവാനി ദമ്പതികളുടെ കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. സംഭവദിവസം ദോഗട്ടിലെ വീട്ടിലായിരുന്ന ശിവാനിയെ ഡല്‍ഹി എയിംസില്‍ കുഞ്ഞിനെ ചികിത്സിക്കാനെന്ന് പറഞ്ഞാണ് രാവിലെ നാല് മണിയോടെ കൂട്ടിക്കൊണ്ടുപോയത്. ഇവരെ ഗാസിയാബാദിലെ ഫ്‌ളാറ്റില്‍ എത്തിച്ചെങ്കിലും വൈകുന്നേരമായിട്ടും ആശുപത്രിയില്‍ പോയില്ല. തുടര്‍ന്ന് ആറ് മണിയോടെ മുരാദ്‌നഗര്‍ ഭാഗത്തേക്ക് കാറില്‍ കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടെ അന്‍ഷുലും കാറില്‍ കയറി. ഗംഗാകനാല്‍ ഭാഗത്തേക്ക് കാറോടിച്ച യശ്വന്ത് പിന്നീട് റോഡില്‍നിന്ന് അല്‍പംമാറിയുള്ള സ്ഥലത്തേക്ക് പോയി.  ഇവിടെവച്ചാണ് ശിവാനിക്ക് നേരെ വെടിയുതിര്‍ത്തത്. കാറിന്റെ മുന്‍സീറ്റിലായിരുന്ന ശിവാനിയെ പിന്‍സീറ്റിലിരുന്ന അന്‍ഷുല്‍ ബലമായി പിടിച്ചിരുത്തിയിരുന്നു. 

നെഞ്ചില്‍ വെടിയേറ്റ ശിവാനി ഉടന്‍തന്നെ അബോധാവസ്ഥയിലായതോടെ കാര്‍ മീററ്റ് ഭാഗത്തേക്ക് നീങ്ങി. യാത്രയ്ക്കിടെ അന്‍ഷുലിനെ വഴിയിലിറക്കി വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നീട് യശ്വന്ത് ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. എന്നാല്‍ മീററ്റിലേക്കുള്ള യാത്രയ്ക്കിടെ ശിവാനിക്ക് ബോധംതെളിയുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തത് ഭര്‍ത്താവിനെ പരിഭ്രാന്തിയിലാക്കി.  ഭാര്യ മരിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ കാമുകിയെ വീണ്ടും ഫോണില്‍ വിളിച്ച യുവാവ് തിരികെ മുറാദ്‌നഗറിലേക്ക് യാത്രതിരിച്ചു. 

ശിവാനിയെ എങ്ങനെയെങ്കിലും കൊലപ്പെടുത്താനായി കാമുകി വീണ്ടും യാത്രയില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ ഇതിനിടെ ശിവാനി ഉറക്കെകരയുകയും, കൈകാലിട്ടടിക്കുകയും ചെയ്തത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഓടുന്ന കാറില്‍നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട പോലീസ് പട്രോള്‍ സംഘം ഡല്‍ഹി-മീററ്റ് റോഡില്‍ ഇവരെ കിലോമീറ്ററുകളോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. സംഭവത്തില്‍ ശിവാനിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും, ഭാഗ്യംകൊണ്ട് മാത്രമാണ് വെടിയേറ്റ യുവതി മരണത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും ഗാസിയാബാദ് റൂറല്‍ എസ്.പി എ.കെ. മൗര്യ മാധ്യമങ്ങളോട് പറഞ്ഞു.