മാലൂര്‍: കപ്പറ്റപ്പൊയിലിനടുത്ത കോറോത്ത് ലക്ഷംവീട്ടില്‍ നന്ദിനിയെ (75) കൊന്ന കേസില്‍ മകള്‍ കെ. ഷെര്‍ളിയെ കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ മാലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവാണ് ഷെര്‍ളിയെ അറസ്റ്റ് ചെയ്തത്. നന്ദിനി വീട്ടിനകത്ത് കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മകള്‍ ഷെര്‍ളിയും ഭര്‍ത്താവ് ഭാസ്‌കരനുമാണ് താമസം. ഭാസ്‌കരന് തലശ്ശേരിയിലാണ് ജോലി. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ ഷെര്‍ളി അമ്മയെ ചവിട്ടിയും ഓലമടലുകൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. മര്‍ദനത്തില്‍ തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.

ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക്ക്, വിരലടയാള വിദഗ്ധരും എത്തി ശാസ്ത്രീയാന്വേഷണം നടത്തിയ ശേഷമാണ് ഷെര്‍ളിയെ അറസ്റ്റ് ചെയ്തത്. ദിവസവും ഷെര്‍ളി അമ്മയെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാരില്‍നിന്ന് അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നു.

നന്ദിനിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഷെര്‍ളിയുടെ ഭര്‍ത്താവ് ഭാസ്‌കരനായിരുന്നു നന്ദിനിക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കുന്നതും പരിചരിക്കുന്നതും. ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, ജൂനിയര്‍ എസ്.ഐ. രമ്യ, എ.എസ്.ഐ. പ്രകാശന്‍, സി.പി.ഒ. ഹസീന എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസഘമാണ് കേസന്വേഷിച്ചത്.