കോയമ്പത്തൂർ: ബേക്കറി ജോലിക്കെത്തിയ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മലയാളികളായ മൂന്നു പേർക്കെതിരേ കേസ്. പ്രതികളിൽ രണ്ടു പേർ പോലീസ് പിടിയിലായി. പാലക്കാട് സ്വദേശികളായ ചേരംപുത്തൻവീട്ടിൽ സമീർ (25), അലിക്കൽ വീട്ടിൽ ശിഹാബുദ്ദീൻ (27) എന്നിവരെയാണ് തുടിയല്ലൂർ വനിതാ പോലീസ് പിടികൂടിയത്. ഒന്നാം പ്രതി പാലക്കാട് സ്വദേശി മൊയ്തീൻകുട്ടി (40) രക്ഷപ്പെട്ടു.

കോയമ്പത്തൂർ അന്നൂരിനടുത്തുള്ള ഗ്രാമത്തിൽ പാലക്കാട് സ്വദേശികളുടെ ബേക്കറിയിൽ ജീവനക്കാരായിരുന്നു തിരുച്ചിറപ്പള്ളി സ്വദേശികളായ യുവതിയും ഭർത്താവും. ലോക്ഡൗൺ കാരണം ബേക്കറി പൂട്ടിയതോടെ മൊയ്തീൻകുട്ടിയും സംഘവും കഴിഞ്ഞിരുന്ന വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

ബേക്കറി തുറക്കാത്തതിനാൽ ഭർത്താവ് വേറെ ജോലിക്ക് പോയതോടെ തനിച്ചായ യുവതിയെ ജൂൺ ആറിന് പ്രതികൾ പീഡിപ്പിച്ചെന്നാണ് കേസ്. ഭീഷണി തുടർന്നതോടെ വ്യാഴാഴ്ച യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഇരുവരും വനിതാ പോലീസിന് പരാതി നൽകിയതോടെയാണ് രണ്ടും മൂന്നും പ്രതികൾ പിടിയിലായത്. ഒന്നാം പ്രതി സ്ഥലത്തുനിന്ന് കടന്നെങ്കിലും ഇയാളെ പിടികൂടാൻ പോലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. കോയമ്പത്തൂർ അന്നൂരിനടുത്തുള്ള ഗ്രാമത്തിലും ഹൈവേകളിലും നിരവധി ബേക്കറി ശൃംഖലകളുടെ ഉടമകളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.

പാലക്കാട് സ്വദേശികളുടെ ബേക്കറിയിൽ ജീവനക്കാരെ ആവശ്യമുണ്ടെന്നറിഞ്ഞ് ബ്രോക്കർവഴിയാണ് തിരുച്ചിറപ്പള്ളി സ്വദേശികളായ യുവതിയും ഭർത്താവും പ്രതികളുടെ ബേക്കറിയിൽ ജോലിക്കെത്തിയത്.

Content Highlights:woman raped in lockdown period two malayali bakery owners arrested in coimbatore