ജയ്പുർ: സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ വാർഡ് ബോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ശസ്ത്രക്രിയ കഴിഞ്ഞ് ഓക്സിജൻ സഹായത്തോടെ ഐ.സി.യുവിൽ കഴിയുകയായിരുന്ന സ്ത്രീയെ കൈകൾ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രിയിലെ വാർഡ് ബോയ് ആയ ഖുശിറാം ഗുജ്ജാറിനെ പോലീസ് പിടികൂടി.

ജയ്പുരിലെ ഷാൽബി ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീയെ തിങ്കളാഴ്ച തന്നെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. അന്ന് രാത്രിയാണ് വാർഡ് ബോയ് ഐ.സി.യുവിലെത്തി ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിരയായ രോഗി സംഭവം ആരോടും പറയാനാകാതെ ഒരു രാത്രി മുഴുവൻ ഐ.സി.യുവിൽ കിടന്ന് കരഞ്ഞതായാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. പിന്നീട് നഴ്സിനോട് വിവരം പറയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പിറ്റേദിവസം രാവിലെ ഭർത്താവ് കാണാൻ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം എഴുതി നൽകിയത്. തുടർന്ന് രോഗിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

ശസ്ത്രക്രിയയെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റിയതിനാൽ തന്നെ ആശുപത്രിയിൽ നിൽക്കാൻ അനുവദിച്ചിരുന്നില്ലെന്നാണ് സ്ത്രീയുടെ ഭർത്താവ് പറഞ്ഞത്. അതിനാൽ തിങ്കളാഴ്ച തന്നെ താൻ വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം ഭാര്യയെ കാണാൻ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പറഞ്ഞത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിക്കാൻ കഴിയാതിരുന്ന ഭാര്യ പീഡനത്തിനിരയായ വിവരം എഴുതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രോഗിയുടെ ഭർത്താവ് ചിത്രകൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതനുസരിച്ച് കേസെടുത്തതായും പ്രതിയെ പിടികൂടിയതായും ഡി.സി.പി. പ്രദീപ് മോഹൻ ശർമ അറിയിച്ചു. സംഭവത്തിൽ ആശുപത്രിയിൽനിന്നുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പരിശോധിച്ചു വരികയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Content Highlights:woman raped hospital icu in jaipur rajasthan