ബെംഗളൂരു: പഠനത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ സ്വകാര്യകമ്പനിയിൽ തൊഴിൽ പരിശീലനത്തിനെത്തിയ 22-കാരിയെ മാനഭംഗപ്പെടുത്തി റോഡിലുപേക്ഷിച്ച സംഭവത്തിൽ കമ്പനി ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു സ്വദേശി നബീലാണ് (26) അറസ്റ്റിലായത്. മുംബൈ സ്വദേശിയായ പെൺകുട്ടിയും ഇയാളും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും ഈ ബന്ധം ഇയാൾ ദുരുപയോഗപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 10-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈ സ്വദേശിയായ പെൺകുട്ടി ആറുമാസം മുമ്പാണ് സ്ഥാപനത്തിൽ തൊഴിൽ പരിശീലനത്തിനെത്തിയത്. ഇതോടെ സ്ഥാപനത്തിലെ ജീവനക്കാരനായ നബീൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ജൂൺ 10-ന് രാത്രി കാറുമായി റൈഡ് പോകാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ ഒപ്പം കൂട്ടിയത്. തുടർന്ന് ഓൾഡ് മദ്രാസ് റോഡിലൂടെ പോയതിനു ശേഷം ഒഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.
പിന്നീട് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടതായും പരാതിയിൽ പറയുന്നു. ഒട്ടേറെ ബുദ്ധിമുട്ടിയാണ് ബി.ടി.എം. ലേഔട്ടിലെ താമസസ്ഥലത്ത് പെൺകുട്ടിയെത്തിയത്. തുടർന്ന് പെൺകുട്ടി മുംബൈയിലുള്ള മാതാപിതാക്കളെ വിവരമറിയിച്ചു. ഇവർ എത്തി പെൺകുട്ടിയോട് സംസാരിച്ചതിനു ശേഷം പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴിയനുസരിച്ച് വിവിധ പ്രദേശങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിച്ചതിനു ശേഷമാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. ഫൊറൻസിക് ലാബിൽ നിന്നുള്ള പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളതെന്ന് അധികൃതർ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതു ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Content Highlights: 22 year old woman raped by senior officer during training period in Bengaluru