ചെന്നൈ: ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്തുക്കളായ രണ്ടുപേർ യുവതിയെ ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർത്താവിനെയും സുഹൃത്തുക്കളായ സുന്ദരമൂർത്തി(25) മണികണ്ഠൻ(26) എന്നിവരെയും വനിതാ പോലീസ് അറസ്റ്റ് ചെയ്തു. കടം വാങ്ങിയ പണം തിരികെ നൽകുന്നതിന് പകരമാണ് യുവതിയെ ബലാത്സംഗം ചെയ്യാനായി ഭർത്താവ് സുഹൃത്തുക്കൾക്ക് അവസരമൊരുക്കിയതെന്ന് പോലീസ് പറഞ്ഞു.

21-കാരിയായ യുവതിയും എൽ.ആർ. പാളയം സ്വദേശിയായ യുവാവും തമ്മിൽ 2018-ലാണ് വിവാഹിതരായത്. ദമ്പതിമാർക്ക് രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്. മദ്യത്തിന് അടിമയായ യുവാവ് കഴിഞ്ഞവർഷം ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ മിക്കദിവസങ്ങളിലും ജോലിക്ക് പോയിരുന്നില്ല. ഇതേതുടർന്നാണ് സുഹൃത്തുക്കളിൽനിന്ന് പണം കടം വാങ്ങിയത്.

സുന്ദരമൂർത്തി, മണികണ്ഠൻ എന്നീ സുഹൃത്തുക്കളാണ് യുവാവിന് പണം നൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ഈ പണം തിരിച്ചുനൽകാൻ യുവാവിന് കഴിഞ്ഞില്ല. ഇതോടെയാണ് പണത്തിന് പകരം ഭാര്യയെ ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കൾക്ക് അവസരമൊരുക്കിനൽകിയത്.

സുന്ദരമൂർത്തിയാണ് ആദ്യം ഭർത്താവിന്റെ ഒത്താശയോടെ യുവതിയെ ബലാത്സംഗംചെയ്തത്. വിറ്റാമിൻ ഗുളികയെന്ന പേരിൽ യുവതിക്ക് ഭർത്താവ് ഉറക്കഗുളിക നൽകിയിരുന്നു. തുടർന്ന് ബോധരഹിതയായതോടെ സുന്ദരമൂർത്തിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ബോധം വീണ്ടെടുത്ത യുവതി താൻ ബലാത്സംഗത്തിനിരയായെന്ന് മനസിലാക്കിയതോടെ ഭർത്താവിനെ ശാസിക്കുകയും വഴക്കുപറയുകയും ചെയ്തു. എന്നാൽ ഇതിനുശേഷവും മറ്റൊരു ദിവസം സുഹൃത്തായ മണികണ്ഠനും യുവാവ് ഭാര്യയെ ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിനൽകി. മണികണ്ഠനൊപ്പം വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം യുവാവ് ഇയാളെ ഭാര്യയുടെ മുറിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഉറങ്ങുകയായിരുന്ന യുവതിയെ മണികണ്ഠൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെങ്കിലും യുവതി ബഹളംവെച്ചു. ഇതോടെ മണികണ്ഠൻ വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു.

ഈ രണ്ട് സംഭവങ്ങൾക്ക് ശേഷം യുവതി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ ഭർത്താവ് പതിവായി ഇവിടെ എത്തുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഹൃത്തുക്കളുമായി ഇനിയും സഹകരിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇതോടെയാണ് യുവതി വനിതാ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ മൂന്ന് പ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു.

Content Highlights:woman raped by husband friends in tamilnadu police arrested all accused