ബെംഗളൂരു: വയലിൽ ജോലിചെയ്യുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. ആന്ധ്രാപ്രദേശ് ഇരവരഹള്ളി സ്വദേശിയായ ശങ്കരപ്പ (27) യെയാണ് ചിക്കബെല്ലാപുര പോലീസ് പിടികൂടിയത്.
ചിക്കബെല്ലാപുര ബത്ലഹള്ളി സ്വദേശി 27-കാരിയായ ഭർതൃമതിയാണ് കഴിഞ്ഞ 19-ന് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോലിയന്വേഷിച്ച് മൂന്നുമാസം മുമ്പാണ് ശങ്കരപ്പ ബത്ലഹള്ളിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. സ്ഥിരമദ്യപാനിയായ ഇയാൾ ഗ്രാമത്തിലെ ഒരു കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ജോലിചെയ്തുവരികയായിരുന്നു.
ജോലി സ്ഥലത്തെത്തിയാൽ കുറച്ചുസമയം ജോലി ചെയ്തതിന് ശേഷം ഗ്രാമത്തിൽ കറങ്ങിനടക്കുകയായിരുന്നു ഇയാളുടെ രീതി.
18-ന് സുഹൃത്തിന്റെ പക്കൽനിന്ന് 5000 രൂപ കടം വാങ്ങിയശേഷം ഇയാൾ മദ്യപിച്ചു. പിന്നീട് ഗ്രാമത്തിലെ വയലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം വൈകീട്ടാണ് ഇയാൾ ഉറക്കമുണർന്നത്. ഈ സമയത്ത് കൊല്ലപ്പെട്ട യുവതിയും യുവതിയുടെ ഭർത്താവിന്റെ രണ്ടാം ഭാര്യയും വയലിൽ ജോലിചെയ്യുകയായിരുന്നു. ഇവരുമായി സൗഹൃദം പുലർത്താൻ ശ്രമിച്ച ശങ്കരപ്പയോട് ഇരുവരും സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടു.
നേരം ഇരുട്ടിയതോടെ യുവതിയുടെ ഭർത്താവിന്റെ രണ്ടാംഭാര്യ വീട്ടിലേക്ക് തിരിച്ചുപോയി. ഇതിനിടെ മഴ പെയ്തതിനെത്തുടർന്ന് യുവതി തൊട്ടടുത്ത മരത്തിന് കീഴിൽ അഭയം തേടി.
ഈ സമയം സമീപത്ത് ഒളിച്ചിരിക്കുകയായിരുന്ന ശങ്കരപ്പ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ശ്വാസം മുട്ടിയായിരുന്നു മരണം. മരണശേഷം യുവതിയുടെ മൃതദേഹത്തെയും ഇയാൾ ക്രൂരമായി അപമാനിച്ചു. ഏറെനേരം കഴിഞ്ഞിട്ടും യുവതി വീട്ടിലെത്താത്തതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഭർത്താവാണ് മൃതദേഹം കണ്ടത്.
ഗ്രാമത്തിലെ ചില സ്ഥാപനങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതോടെയാണ് സംശയകരമായ രീതിയിൽ ശങ്കരപ്പയെ കണ്ടെത്തിയത്.
പിന്നീട് സമീപത്തെ മദ്യശാലയ്ക്ക് സമീപത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Content Highlights:woman raped and murdered in karnataka