ഹൈദരാബാദ്: തെലങ്കാന സങ്കറെഡ്ഡി ജില്ലയില്‍ കാണാതായ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മല്ലംപേട്ട് സ്വദേശിയായ 35-കാരിയെയാണ് ജിന്നാരം മേഖലയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിക്രാബാദ് സ്വദേശി സ്വാമി(35) ഭാര്യ നരസമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 

സ്വാമിയും നരസമ്മയും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നെന്നാണ് പോലീസ് പറയുന്നത്. ശേഷം മൃതദേഹം പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. 

കൂലിപ്പണിക്കാരിയായ യുവതി ഞായറാഴ്ച രാവിലെയാണ് വീട്ടില്‍നിന്ന് ജോലിക്കായി പോയത്. മല്ലംപേട്ടിലെ കവലയിലെത്തിയ യുവതിയെ ഇരുചക്രവാഹനത്തിലെത്തിയ സ്വാമിയും ഭാര്യയും ജോലിയുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ജിന്നാരം മേഖലയിലെ ക്ഷേത്രത്തില്‍ തങ്ങള്‍ക്ക് പെയിന്റിങ് ജോലിയുണ്ടെന്നും അതിന് സഹായിയായി വരണമെന്നുമാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് ദമ്പതിമാര്‍ യുവതിയെ ജിന്നാരത്തെ മാദരം ഭാഗത്ത് എത്തിച്ചു. പിന്നാലെ പാറക്കെട്ടിന് സമീപത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് നരസമ്മ യുവതിയെ കീഴ്‌പ്പെടുത്തുകയും സ്വാമി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച് കൊന്നു. മരിച്ചെന്ന് ഉറപ്പിച്ചതോടെ രണ്ട് സ്വര്‍ണക്കമ്മലുകളും വെള്ളി പാദസരങ്ങളും കവര്‍ന്നു. മൃതദേഹം പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. 

യുവതിയെ കാണാതായതോടെ തിങ്കളാഴ്ച രാവിലെയാണ് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഈ ദൃശ്യങ്ങളില്‍നിന്നാണ് യുവതിയെ ദമ്പതിമാര്‍ കൂട്ടിക്കൊണ്ടുപോയെന്ന് വ്യക്തമായത്. തുടര്‍ന്ന് ബുധനാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. 

പോലീസിന്റെ ചോദ്യംചെയ്യലില്‍ യുവതിയെ കൊലപ്പെടുത്തിയതായി ദമ്പതിമാര്‍ സമ്മതിച്ചു. പോലീസിനൊപ്പം സംഭവസ്ഥലത്തെത്തി മൃതദേഹം ഉപേക്ഷിച്ചസ്ഥലവും കാണിച്ചുനല്‍കി. പാറക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന് അഴുകിയനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ നേരത്തെ ഒരു വധശ്രമക്കേസില്‍ ഉള്‍പ്പെട്ടതായി വിവരമുണ്ട്. കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നകാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. 

Content Highlights: woman raped and killed in telangana couple arrested