പാട്ന: ബിഹാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ സഹോദരൻ അറസ്റ്റിൽ. പരശുറാംപുർ സ്വദേശിയായ 22-കാരനെയാണ് കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടിയത്.

ഞായറാഴ്ച പുലർച്ചെയാണ് ജ്യേഷ്ഠസഹോദരന്റെ ഭാര്യയായ 25-കാരിയെ പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ വയലിൽ നഗ്നമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ അഞ്ചിലേറെ തവണ കുത്തേറ്റിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. വീട്ടിലുണ്ടായിരുന്ന ഭർത്താവിന്റെ സഹോദരനെ കാണാനില്ലെന്നും ഇയാളാണ് കൃത്യം നടത്തിയതെന്ന് സംശയമുണ്ടെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു. തുടർന്നാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ ഞായറാഴ്ച വൈകിട്ടോടെ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഒരുവർഷമായി യുവതിയും കുടുംബവും പാക്രിയിൽ യുവതിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു താമസം. ശനിയാഴ്ച വൈകിട്ടാണ് പ്രതി ഇവരുടെ വീട്ടിലെത്തിയത്. തുടർന്ന് ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങി. ഞായറാഴ്ച പുലർച്ചെ യുവതി പ്രാഥമികകൃത്യങ്ങൾക്കായി വീട്ടിൽനിന്നും വയലിലേക്ക് പോയി. ഇത് കണ്ട പ്രതി യുവതിയെ പിന്തുടർന്ന് പോവുകയും വയലിൽവെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനുശേഷം യുവതിയെ കത്തി കൊണ്ട് കുത്തി. അഞ്ചിലേറെ തവണ കുത്തേറ്റ യുവതി ചോരവാർന്ന് മരിച്ചു.

സംഭവത്തിന് ശേഷം സൈക്കിളിൽ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിലാണ് പോലീസ് പിടികൂടിയത്. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് 12 മീറ്റർ അകലെനിന്നും പോലീസ് കണ്ടെടുത്തു.

Content Highlights:woman raped and killed in bihar her husbands brother arrested by police