ന്യൂഡൽഹി: മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കി ഭാര്യ. യു.പി. സ്വദേശിനിയും ഫരീദാബാദിൽ താമസക്കാരിയുമായ യുവതിയാണ് ഓട്ടോ ഡ്രൈവറായ ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കിയത്. അന്വേഷണത്തിൽ സത്യം തെളിഞ്ഞതോടെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഫരീദാബാദ് എസ്ജിഎം നഗറിലാണ് യുവതിയും ഭർത്താവായ ഓട്ടോ ഡ്രൈവറും താമസിക്കുന്നത്. ജോലി കഴിഞ്ഞതിന് ശേഷം ഭർത്താവ് എല്ലാ ദിവസവും രാത്രിയിലാണ് വീട്ടിലെത്തിയിരുന്നത്. അടുത്തിടെയായി ചില ദിവസങ്ങളിൽ ഭർത്താവ് രാത്രിയിലും വീട്ടിൽ വന്നിരുന്നില്ല. ഇതോടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവതി സംശയിച്ചു. ഇക്കാര്യത്തെച്ചൊല്ലി ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലെയാണ് ഭർത്താവിനോട് പ്രതികാരം ചെയ്യണമെന്ന് യുവതി തീരുമാനിച്ചത്.

ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ കഞ്ചാവ് ഒളിപ്പിച്ച് പോലീസ് കേസിൽ കുടുക്കി ജയിലിലാക്കാനായിരുന്നു യുവതിയുടെ തീരുമാനം. ഇതിനായി ഡൽഹിയിലെത്തിയ യുവതി പവൻ എന്നയാളിൽനിന്നും 700 ഗ്രാം കഞ്ചാവ് വാങ്ങി. ഈ കഞ്ചാവുപൊതി ഭർത്താവ് അറിയാതെ അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചുവെച്ചു. പിന്നീട് യുവതി തന്നെയാണ് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത്.

സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ഭർത്താവിനെ പോലീസ് പിടികൂടിയെങ്കിലും വിശദമായി അന്വേഷിച്ചതോടെയാണ് സത്യാവസ്ഥ മനസിലായത്. തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് കഞ്ചാവ് നൽകിയ പവൻ എന്നയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Content Highlights: woman plants marijuana in husbands auto in faridabad