പത്തനാപുരം: പട്ടാഴിയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി. വടക്കേക്കര ചെളിക്കുഴി പടിഞ്ഞാറെവിളയില്‍ സാംസി ഭവനില്‍ സാംസിയാണ് മകള്‍ അന്നയെയും എടുത്ത് കിണറ്റില്‍ച്ചാടിയത്. സാംസിയെയും കുഞ്ഞിനെയും പിന്നീട് നാട്ടുകാര്‍ കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സാംസി ചികിത്സയിലാണ്. 

വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സാംസി. മൂന്ന് മാസം പ്രായമുള്ള മകള്‍ അന്നയെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് ശരീരത്തില്‍ ബന്ധിപ്പിച്ച ശേഷമാണ് ഇവര്‍ കിണറ്റില്‍ച്ചാടിയത്. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സാംസിയുടെ അമ്മ സോമിനിയും ഏഴ് വയസ്സുള്ള മൂത്തമകളും ആശുപത്രിയില്‍ പോയതായിരുന്നു. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

സാംസിയെയും കുഞ്ഞിനെയും വീട്ടില്‍ കാണാതിരുന്നതോടെ സോമിനി അയല്‍ക്കാരെയും മറ്റും വിവരമറിയിച്ചു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് യുവതിയെ കിണറ്റില്‍ കണ്ടെത്തിയത്. മോട്ടോറിന്റെ പൈപ്പില്‍ തൂങ്ങിപിടിച്ച് നില്‍ക്കുകയായിരുന്നു യുവതി. ഉടന്‍തന്നെ നാട്ടുകാര്‍ കിണറ്റിലിറങ്ങി ഇരുവരെയും കരയ്ക്ക് കയറ്റി അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

കല്ലട സ്വദേശി ഷിബുവാണ് സാംസിയുടെ ഭര്‍ത്താവ്. ഒന്നരമാസം മുമ്പ് ഭര്‍ത്താവ് ഗള്‍ഫില്‍ പോയതിന് പിന്നാലെയാണ് സാംസി പട്ടാഴിയിലെ സ്വന്തം വീട്ടിലെത്തിയത്. കിണറ്റില്‍ച്ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: woman nurse suicide attempt with her daughter in pathanapuram infant dies