ഇന്ദോർ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് യുവതിയെ കഴുത്തറുത്ത് കൊന്നു. ഷാജപുർ സ്വദേശിയായ ഷാനു യാദവാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ജഹോറയിലുള്ള ബ്യൂട്ടി പാർലറിൽ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

നഗ്ഡ സ്വദേശിയായ ഗൗരവ് ജെയിൻ എന്ന യുവാവുമായാണ് ഷാനുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച ജഹോറയിലെ ഒരു റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. ഇതിന് മുന്നോടിയായാണ് ഷാനു യാദവ് രാവിലെ ബ്യൂട്ടി പാർലറിൽ എത്തിയത്.

രാവിലെ സഹോദരിക്കൊപ്പം 'വനില' ബ്യൂട്ടി പാർലറിൽ എത്തിയ യുവതിയെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടന്ന യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.

ഒളിവിൽപ്പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്നും സി.എസ്.പി. പി.എസ്. റാണ മാധ്യമങ്ങളോട് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബ്യൂട്ടിപാർലറിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അതേസമയം, പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നും വിവരങ്ങളുണ്ട്.

Content Highlights:woman murdered in a beauty parlor hours before her wedding