ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എക്കെതിരെ പീഡനപരാതി. ബിജെപി എംഎല്‍എയായ ഗൊരുക്ക് പൊഡൂങ്ങിനെതിരെയാണ് മെഡിക്കല്‍ ഓഫീസറായ യുവതി പരാതിയുമായി രംഗത്തെത്തിയത്. 

ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എംഎല്‍എ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഒക്ടോബര്‍ 12-നാണ് കേസിനാസ്പദമായ സംഭവം. ഇറ്റാനഗറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ് അട്ടിമറിച്ചെന്നും യുവതി ആരോപിച്ചു. അരുണാചല്‍ പ്രദേശില്‍നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതിനാലാണ് ഡല്‍ഹിയിലെത്തിയതെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

പീഡനം നടന്നതിന്റെ പിറ്റേദിവസം തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ എഫ്‌ഐആറില്‍ നിസാര വകുപ്പുകള്‍ ചുമത്തി എംഎല്‍എയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും പോലീസ് നശിപ്പിച്ചതായും തന്റെ മൊഴി പോലും വ്യക്തമായി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ലെന്നും യുവതി പറഞ്ഞു. 

Content Highlights: woman medical officer alleges she was raped by bjp mla in arunachal pradesh, seeks justice