മുംബൈ:  ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളെ കൂസാതെ നടുറോഡിലിരിക്കുന്ന യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. മഹാരാഷ്ട്രയിലെ പൂണെ നഗരത്തിലെ തിരക്കേറിയ റോഡിലാണ് യുവതി കിടന്നും ഇരുന്നും സമയം തള്ളിനീക്കിയത്. 

ചൊവ്വാഴ്ച രാത്രി 11 മണിയോടെ തിലക് റോഡിലായിരുന്നു യുവതിയുടെ 'അഭ്യാസപ്രകടനം'.  നടുറോഡിലിരുന്ന യുവതി പിന്നീട് റോഡില്‍ കിടക്കുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യുവതി മദ്യപിച്ചിരുന്നതായാണ് സംശയം. ഇതിന്റെ ലഹരിയിലാണ് ഇതെല്ലാം കാണിച്ചുകൂട്ടിയതെന്നും സംശയിക്കുന്നു. ഏതാനും മിനിറ്റുകള്‍ നീണ്ട പ്രകടനത്തിനൊടുവില്‍ പോലീസ് വരുന്നത് കണ്ട യുവതി റോഡില്‍നിന്ന് എഴുന്നേറ്റ് പോയെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അല്പനേരം ഗതാഗതക്കുരുക്കുമുണ്ടായി. 

ഒരു യുവതി റോഡില്‍ പ്രശ്‌നമുണ്ടാക്കുന്നതായി ചിലര്‍ വിളിച്ചുപറഞ്ഞതനുസരിച്ചാണ് തങ്ങള്‍ സംഭവസ്ഥലത്തെത്തിയതെന്ന് സ്വര്‍ഗേറ്റ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ബാലാസാഹേബ് കൊപ്‌നാര്‍ പ്രതികരിച്ചു. എന്നാല്‍ പോലീസ് വരുന്നത് കണ്ടതോടെ യുവതി എഴുന്നേറ്റ് പോവുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പോലീസ് സംഘം യുവതിയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. 

Content Highlights: woman lying on busy road in pune city video goes viral suspect drinik