ഓച്ചിറ: സാമൂഹികമാധ്യമത്തില്‍ വന്ന പരസ്യത്തിലൂടെ ബന്ധപ്പെട്ട യുവതിയുടെ ക്ഷണം സ്വീകരിച്ച് ഓച്ചിറയിലെ ലോഡ്ജിലെത്തിയ യുവാവിന്റെ മൂന്നുപവന്‍ വരുന്ന മാലയും ഐഫോണും 400 രൂപയും കവര്‍ന്നു.

മാവേലിക്കര സ്വദേശി വിഷ്ണു(31)വാണ് കബളിപ്പിക്കപ്പെട്ടത്. യുവാവ് ഓച്ചിറ പോലീസില്‍ പരാതി നല്‍കി. തട്ടിപ്പിനുപിന്നില്‍ കന്യാകുമാരി സ്വദേശികളായ യുവതിയും യുവാവുമാണെന്ന് പോലീസ് പറഞ്ഞു.

മൂന്നുമാസംമുമ്പ് കുവൈത്തില്‍നിന്നു നാട്ടിലെത്തിയ താന്‍ നവമാധ്യമത്തില്‍ വന്ന പരസ്യംവഴിയാണ് ഇവരെ ബന്ധപ്പെട്ടതെന്നും വിദേശത്തേക്ക് തിരികെ പോകാന്‍ 60,000 രൂപയ്ക്ക് ക്വാറന്റീന്‍ സൗകര്യത്തോടെ ടിക്കറ്റ് വാഗ്ദാനം ചെയ്തതായും വിഷ്ണു പറയുന്നു. ഇവര്‍ പറഞ്ഞതനുസരിച്ച് ശനിയാഴ്ച രാവിലെ 11 മണിയോടെ ഓച്ചിറയിലെ ലോഡ്ജിലെത്തിയപ്പോള്‍, യുവതി ലഹരി കലര്‍ത്തിയ പാനീയം നല്‍കിയെന്നും അബോധാവസ്ഥയിലായതോടെ കവര്‍ച്ച നടത്തിയെന്നുമാണ് വിഷ്ണു പോലീസിനോടു പറഞ്ഞത്.

കവര്‍ച്ചയ്ക്കുശേഷം സംഘം കടന്നതായും ഇവര്‍ മുമ്പും ലോഡ്ജില്‍ താമസിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ബോധം തെളിഞ്ഞതോടെ ബൈക്കില്‍ വീട്ടിലേക്കു പോയ വിഷ്ണു, വൈകീട്ടാണ് പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

കവര്‍ച്ചസംഘത്തിലെ യുവാവും ഒപ്പമുണ്ടായിരുന്ന കുട്ടിയും സമീപത്തെ സി.സി.ടി.വി.യിലെ ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. യുവതിയുടെ രൂപം വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷമേ നിജസ്ഥിതി വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.

Content Highlights: woman looted iphone and gold chain youth filed complaint