ചെങ്ങന്നൂർ: ഫോൺവിളിയിലൂടെ സൗഹൃദം സ്ഥാപിച്ച യുവതി ബിയറിൽ മയക്കുമരുന്നു കലർത്തിനൽകി സ്വർണാഭരണങ്ങൾ കവർന്നതായി യുവാവിന്റെ പരാതി. തുറവൂർ കുത്തിയതോട് സ്വദേശിയായ യുവാവാണ് തന്റെ അഞ്ചരപ്പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നതായി ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 13-ന് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടതാണ് യുവതിയെയെന്ന് പരാതിയിൽ പറയുന്നു. ജൂനിയറായി തുറവൂർ സ്കൂളിൽ പഠിച്ചതാണ്. ഇപ്പോൾ ചെന്നൈയിൽ ഐ.ടി. കമ്പനിയിലാണ് ജോലി എന്നും അറിയിച്ചു.

വ്യാഴാഴ്ച ചെങ്ങന്നൂരിൽ ബന്ധുവിന്റെ വിവാഹത്തിന്റെ റിസപ്ഷൻ ഉണ്ടെന്നും വന്നാൽ കാണാമെന്നും അറിയിച്ചു. ഇതനുസരിച്ച് പകൽ ഒരുമണിയോടെ ചെങ്ങന്നൂരിലെത്തിയ യുവാവിനോട് ആശുപത്രി ജങ്ഷന് സമീപമുള്ള ലോഡ്ജിൽ താനുണ്ടെന്നറിയിച്ചു. അവിടേക്കുവരാനും ആവശ്യപ്പെട്ടു. മുറിയിലെത്തിയപ്പോൾ യുവതി ബിയർ നൽകി. ഇത് കുടിച്ച് ഉറങ്ങിപ്പോയി. രാത്രി പത്തുമണിയോടെ ലോഡ്ജ് ജീവനക്കാർ വന്ന് വിളിച്ചപ്പോഴാണ് യുവാവിന് ബോധംതെളിഞ്ഞത്.

യുവതി മുറിയിൽ ഉണ്ടായിരുന്നില്ല. മൂന്നു പവൻ സ്വർണമാലയും ഒന്നര പവൻ വരുന്ന കൈച്ചെയിനും ഒരു പവൻ വരുന്ന മോതിരവും മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ചെങ്ങന്നൂർ സി.ഐ.ഡി. ബിജുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. യുവതിയുടെ ഫോൺനമ്പരിലുള്ള വിലാസം മുളക്കുഴയിലുള്ളതാണ്. യുവതി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.