കാസര്‍കോട്: കാമുകനുവേണ്ടി സ്വര്‍ണം മോഷ്ടിച്ച യുവതി പിടിയില്‍. അടുക്കത്ത് ബയലിലെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പാലക്കുന്ന് സ്വദേശിനി പ്രജിന(19)യെയാണ് കാസര്‍കോട് പോലീസ് അറസ്റ്റുചെയ്തത്.

അടുക്കത്ത് ബയലിലെ സുനിലിന്റെ വീട്ടില്‍നിന്ന് 19.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയ കേസിലാണ് യുവതി പിടിയിലായത്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഇവരുടെ വീട്ടിലെത്തിയ യുവതി വസ്ത്രം മാറാനെന്ന പേരില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന മുറിയില്‍ കയറുകയും സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Read Also: ആരെയും അമ്പരപ്പിക്കുന്ന ബിന്‍സയുടെ ആഡംബരജീവിതം; വീട്ടുജോലിക്കെത്തിയ യുവതിയെയും ഇരയാക്കി...

ചോദ്യംചെയ്യലില്‍ കഴിഞ്ഞവര്‍ഷം മറ്റൊരു ബന്ധുവീട്ടില്‍നിന്നും ഇവര്‍ കവര്‍ച്ചനടത്തിയെന്ന് കുറ്റസമ്മതം നടത്തി. ഈ കേസ് ബേക്കല്‍ പോലീസിന് കൈമാറുമെന്ന് കാസര്‍കോട് പോലീസ് പറഞ്ഞു.

മോഷ്ടിച്ച സ്വര്‍ണം കാസര്‍കോട്ടെ ഒരു സ്വകാര്യ ജൂവലറിയില്‍ വിറ്റതായും പോലീസ് കണ്ടെത്തി. യുവതിയുടെ കൈയില്‍നിന്ന് ഒരു കമ്മലും കണ്ടെത്തിയിട്ടുണ്ട്. കാമുകന്റെ പ്രേരണയാലാണ് യുവതി മോഷണത്തിന് തുനിഞ്ഞതെന്നും അയാളെക്കൂടി കേസിലുള്‍പ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Content Highlights: woman looted gold for her lover, arrested by kasargod police