രാജ്‌കോട്ട്: ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരിയായ യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരേ പോലീസ് കേസെടുത്തു. 

സുരേന്ദ്രര്‍നഗറിലെ വന്ദ്‌വാന്‍ താലൂക്കിലാണ് സംഭവം. കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കൃഷിയിടത്തില്‍ വെച്ച് ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. ഇതിനുപിന്നാലെ പ്രതി ഒളിവില്‍പോയി. 

യുവതിയുടെ ഭര്‍ത്താവും ഇതേ കൃഷിയിടത്തിലെ ജോലിക്കാരനാണ്. ഉത്പാദിപ്പിക്കുന്ന വിളകളുടെ 25 ശതമാനം വിഹിതം നല്‍കാമെന്ന് പറഞ്ഞാണ് പാര്‍മര്‍ ദമ്പതികളെ കൃഷിതോട്ടത്തില്‍ ജോലിക്കെത്തിച്ചത്. ഇതിനുശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്നും പോലീസ് പറയുന്നു. 

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിനിടെ ഭര്‍ത്താവിനെ അവര്‍ പീഡന വിവരം അറിയിക്കുകയും ചെയ്തു. പീഡനത്തെ എതിര്‍ത്ത യുവതിയെ പാര്‍മര്‍ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മൂന്ന് വയസ് പ്രായമുള്ള കുട്ടിയേയും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

content highlights: Woman labourer raped by land owner in Surendranagar, commits suicide