ബെംഗളൂരു: രഹസ്യബന്ധം ചോദ്യംചെയ്ത ഭര്‍ത്താവിനെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. തുമകൂരു ബദ്ദിഹള്ളി സ്വദേശി അന്നപൂര്‍ണ (36), ഇവരുടെ സുഹൃത്ത് രാമകൃഷ്ണ (35) എന്നിവരാണ് അറസ്റ്റിലായത്. അന്നപൂര്‍ണയുടെ ഭര്‍ത്താവും ബെംഗളൂരു നെലമംഗലയിലെ സ്വകാര്യകമ്പനി ജീവനക്കാരനുമായ നാരായണപ്പ(52)യാണ് കൊല്ലപ്പെട്ടത്. രഹസ്യബന്ധം ചോദ്യംചെയ്തതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജയനഗര പോലീസ് പറഞ്ഞു.

ബെംഗളൂരുവില്‍നിന്ന് വീട്ടിലെത്തിയ നാരായണപ്പ, രഹസ്യബന്ധത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ വീട്ടില്‍ കരുതിയിരുന്ന പെട്രോള്‍ അന്നപൂര്‍ണ, നാരായണപ്പയുടെ ശരീരത്തിലൊഴിച്ച് തീകൊളുത്തി. ഈ സമയം രാമകൃഷ്ണയും വീട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ തീപടര്‍ന്ന നാരായണപ്പ സമീപത്തെ അഴുക്കുചാലിലേക്ക് ചാടി. തീയണഞ്ഞശേഷം അഴുക്കുചാലില്‍നിന്ന് കയറാന്‍ ശ്രമിച്ച നാരായണപ്പയെ രാമകൃഷ്ണയും അന്നപൂര്‍ണയും ചേര്‍ന്ന് വീണ്ടും കല്ലുകൊണ്ടടിച്ചുവീഴ്ത്തുകയായിരുന്നു.

നിലവിളികേട്ട് സമീപവാസികളെത്തി നാരായണപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ഇവരുടെ മൂന്നുമക്കളും വീട്ടിലുണ്ടായിരുന്നു. അന്നപൂര്‍ണയും നാരായണപ്പയും രഹസ്യബന്ധത്തെച്ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴിനല്‍കി. തുമകൂരു മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് അന്നപൂര്‍ണ.

Highlights: Woman kills husband with paramour's help