ചെന്നൈ: ബന്ധുവീട്ടിലെത്തിയപ്പോള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പത്തൊമ്പതുകാരി കുത്തിക്കൊലപ്പെടുത്തി. തിരുവള്ളൂര്‍ ജില്ലയിലെ ചോഴവാരത്ത് കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം.

പ്രദേശവാസിയായ അജിത്താണ് (26) മരിച്ചത്. പെണ്‍കുട്ടി ചോഴവാരത്ത് അമ്മായിയുടെ വീട്ടിലെത്തിയതായിരുന്നു. സംഭവദിവസം വീടിനുസമീപത്തുള്ള ശൗചാലയത്തിലേക്ക് പോയ പെണ്‍കുട്ടിയെ മദ്യലഹരിയിലെത്തിയ അജിത് കടന്നുപിടിക്കാന്‍ ശ്രമിച്ചു.

കത്തികാണിച്ച് ഭീഷണിപ്പെടുത്തി യുവാവ് ബലാത്സംഗത്തിന് മുതിര്‍ന്നതോടെ പെണ്‍കുട്ടി സ്വയരക്ഷയ്ക്ക് യുവാവിനെ തള്ളിവീഴ്ത്തി.

നിലത്തുവീണ യുവാവിന്റെ കൈയില്‍നിന്ന് കത്തി പിടിച്ചുവാങ്ങിയ പെണ്‍കുട്ടി തുടര്‍ന്ന് അയാളുടെ മുഖത്തും കഴുത്തിലും കുത്തുകയും ചെയ്തു. മാരകമായി മുറിവേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിവരമറിഞ്ഞെത്തിയ ചോഴവാരം പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തിന് സാക്ഷികളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Content Highlights: woman killed youth while rape attempt