കൊച്ചി: അമിത വേഗത്തില്‍ പാഞ്ഞ കാര്‍ മെട്രോ പില്ലറിലിടിച്ച് യുവതി മരിച്ചു. ആലുവ രാജഗിരി ആശുപത്രിക്ക് സമീപം എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ മന്‍ഫിയ (സുഹാന-21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി കരിംപ്പെട്ട വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (26), വരാപ്പുഴ സ്വദേശി പള്ളിയേക്കല്‍ വീട്ടില്‍ ജിബിന്‍ ജോണ്‍സണ്‍ (28) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെ പിന്നീട് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കളമശ്ശേരി പത്തടിപ്പാലത്തിനു സമീപമായിരുന്നു അപകടം. ഇതു വഴി പോയ ഒരു കാര്‍ യാത്രക്കാരന്‍ അപകടത്തില്‍ പെട്ട മന്‍ഫിയയെയും സല്‍മാനുലിനെയും ഇടപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മന്‍ഫിയ മരിച്ചിരുന്നു. കാറില്‍ മന്‍ഫിയയ്ക്കും സല്‍മാനുലിനും ഒപ്പമുണ്ടായിരുന്ന ജിബിന്‍ ആശുപത്രിയില്‍ പോയില്ല. മദ്യലഹരിയിലായിരുന്ന ഇയാള്‍ അപകട സ്ഥലത്തിന് സമീപം കിടന്നുറങ്ങിയ ശേഷം വരാപ്പുഴയിലെ വീട്ടിലേക്കു പോയെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.

ജിബിനും സുഹൃത്തായ മന്‍ഫിയയും കൂടി മന്‍ഫിയയുടെ വീട്ടില്‍നിന്ന് ബൈക്കില്‍ സല്‍മാനുല്‍ വാടകയ്ക്ക് താമസിക്കുന്ന കളമശ്ശേരി എച്ച്.എം.ടി. കവലയ്ക്ക് സമീപത്തെ ഫ്‌ളാറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൂവരും ഭക്ഷണം കഴിച്ച ശേഷം നൈറ്റ് ഡ്രൈവിന് ഇറങ്ങി. കാറില്‍ പാലാരിവട്ടം വരെ പോയി മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ പത്തടിപ്പാലത്തിനും കളമശ്ശേരി നഗരസഭയ്ക്കും ഇടയില്‍ മെട്രോ തൂണില്‍ ഇടിച്ചു കയറുകയായിരുന്നു. സല്‍മാനുലാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍ സീറ്റിലായിരുന്നു മന്‍ഫിയ.

ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്നു പറഞ്ഞാണ് തിങ്കളാഴ്ച വൈകീട്ട് മന്‍ഫിയ വീട്ടില്‍നിന്നു പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെ വീട്ടുകാരുമായി മന്‍ഫിയ സംസാരിച്ചിരുന്നു. ഉടന്‍ മടങ്ങിയെത്തുമെന്നും അറിയിച്ചു. എന്നാല്‍ പുലര്‍ച്ചെ നാലുമണിക്ക് മന്‍ഫിയയുടെ മരണ വാര്‍ത്തയാണ് വീട്ടുകാരറിഞ്ഞത്. നഴ്സിങ് വിദ്യാര്‍ഥിയായ മന്‍ഫിയ മോഡലിങ്ങും ചെയ്യുന്നുണ്ടായിരുന്നു. മാതാവ്: നബീസ. സഹോദരന്‍: മന്‍ഷാദ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പേങ്ങാട്ടുശേരി ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കി.

ജിബിന്‍ മുങ്ങിയതില്‍ ദുരൂഹത

അപകടത്തില്‍ പരിക്കേറ്റ ജിബിന്‍ മുങ്ങിയതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. പരിക്കേറ്റ ജിബിന്‍ ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടിലേക്ക് പോയത് അസ്വാഭാവികമാണ്. അതിനാല്‍ത്തന്നെ ജിബിന്‍ പറയുന്ന മൊഴി പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

നവംബര്‍ ഒന്നിന് പുലര്‍ച്ചെ ദേശീയപാതയില്‍ കാര്‍ മീഡിയനിലിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്നുപേരാണ് മരിച്ചത്. ഈ അപകടം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. ഇതില്‍ അന്വേഷണം പൂര്‍ത്തിയാകും മുമ്പാണ് മറ്റൊരു അപകട മരണം നഗര മധ്യത്തിലുണ്ടാകുന്നത്.

Content Highlights: woman killed when her car collided with a metro pillar in Kochi