ഷൊര്‍ണൂര്‍: പിഞ്ചുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞക്കാട് പരിയംതടത്തില്‍ വിനോദിന്റെ ഭാര്യ ദിവ്യയെയാണ് (27) അറസ്റ്റ് ചെയ്തത്.

കൈയില്‍ മുറിവുണ്ടാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ദിവ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍നിന്ന് വിടുതല്‍ നല്‍കിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ദിവ്യയുടെ മക്കളായ അനിരുദ്ധ് (നാല്), അഭിനവ് (ഒന്ന്) എന്നിവരാണ് കൊല്ലപ്പെട്ടത്. 

Read Also: 'എന്റെ കുഞ്ഞുങ്ങള്‍ തണുത്തല്ലോ', പൊട്ടിക്കരഞ്ഞ് അച്ഛന്‍; ആശുപത്രി വിട്ടാല്‍ അമ്മയെ അറസ്റ്റ് ചെയ്യും....

ഭര്‍ത്താവിന്റെ അമ്മമ്മയുടെ മാനസിക പീഡനമാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് ദിവ്യ പോലീസിനോട് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തില്‍നിന്ന് വന്നതിനെക്കുറിച്ചുള്ള അധിക്ഷേപങ്ങള്‍ ഉണ്ടായിരുന്നതായും മൊഴിയിലുണ്ട്. ഇക്കാരണങ്ങള്‍കൊണ്ട് ഭര്‍ത്താവിന്റെ അമ്മമ്മ കുട്ടികളെ ഉപദ്രവിച്ചിരുന്നതായും ദിവ്യ പോലീസിനോട് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെ ദിവ്യയെ വിനോദിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മമ്മ അമ്മിണി അമ്മക്കെതിരെയും പോലീസ് കേസെടുത്തു. ഇന്‍സ്പക്ടര്‍. പി.എം. ഗോപകുമാര്‍, എസ്.ഐ. കെ.വി. വനില്‍കുമാര്‍, എ.എസ്.ഐ. കെ. മധുസൂദനന്‍, എ.എസ്.ഐ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.