വിയന്ന: ഓസ്ട്രിയയിൽ മൂന്ന് പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിയന്നയിൽ താമസിക്കുന്ന 31-കാരിയെയാണ് വിയന്ന പോലീസ് ശനിയാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്.

മൂന്ന് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കാനായിരുന്നു യുവതിയുടെ ശ്രമം. ഒമ്പത്, മൂന്ന് വയസ്സുള്ള പെൺമക്കളെയും എട്ട് മാസം പ്രായമുള്ള ഇളയ മകളെയുമാണ് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പുലർച്ചെ 5.20-ഓടെ യുവതി തന്നെ പോലീസിൽ വിളിച്ച് വിവരമറിയിച്ചു. മൂന്ന് കുഞ്ഞുങ്ങളെ താൻ കൊലപ്പെടുത്തിയെന്നും ഇനി താനും ജീവനൊടുക്കുമെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് ഇവരുടെ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് യുവതിയെ ദേഹമാസകലം മുറിവേറ്റനിലയിൽ കണ്ടത്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസ്സുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് കുട്ടികളും സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.

കൂട്ടക്കൊലയിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും യുവതിയെ ചോദ്യംചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.

Content Highlights:woman killed three daughters in vienna austria