രാജ്‌കോട്ട്: ഗുജറാത്തില്‍ യാചകനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. രാജ്‌കോട്ട് സ്വദേശിയായ ഗീത(40) ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ വസന്ത് ജാദവ്(45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യാചകനായ സന്തോഷ് സോളാങ്കി(40യാണ് കഴിഞ്ഞ തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഗീതയാണ് യാചകനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും പിന്നീട് ഭര്‍ത്താവിന്റെ സഹായത്തോടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. 

കഴിഞ്ഞദിവസമാണ് രാജ്‌കോട്ടിലെ പാരാപിപാലിയ ഗ്രാമത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ചോരക്കറ പുരണ്ട കല്ലുകളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് യാചകനായ സന്തോഷ് സോളാങ്കിയാണെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാത്രി ചിലര്‍ ഓട്ടോറിക്ഷയില്‍ സംഭവസ്ഥലത്ത് എത്തിയതായും കണ്ടെത്തി. ഈ അന്വേഷണത്തിലാണ് ഗീതയെയും ഭര്‍ത്താവിനെയും ചോദ്യംചെയ്തത്. തുടര്‍ന്ന് ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു. 

ഗീതയുടെ പിതാവ് അര്‍ജുന്റെ സുഹൃത്താണ് കൊല്ലപ്പെട്ട സന്തോഷെന്ന് പോലീസ് പറഞ്ഞു. യാചകരായ ഇരുവരും ജാംനഗറില്‍ ഒരുമിച്ചായിരുന്നു. തിങ്കളാഴ്ച രാത്രി അര്‍ജുനും സന്തോഷും രാജ്‌കോട്ടിലെ ഗീതയുടെ വീട്ടിലെത്തി. തുടര്‍ന്ന് ഗീത ഇവര്‍ക്ക് ഭക്ഷണം വിളമ്പിയെങ്കിലും ഭക്ഷണത്തിന് രുചിയില്ലെന്ന് സന്തോഷ് പരാതിപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഗീത സന്തോഷിനെ കല്ല് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. സന്തോഷ് മരിച്ചെന്ന് കണ്ടതോടെ മൃതദേഹം ചാക്കില്‍ക്കെട്ടി. പിന്നീട് ഭര്‍ത്താവിനൊപ്പം ഓട്ടോറിക്ഷയില്‍ പാരാപിപാലിയയ്ക്ക് സമീപമെത്തി മൃതദേഹം ഉപേക്ഷിച്ചെന്നും പോലീസ് പറഞ്ഞു. 

Content Highlights: woman killed mendicant for complaining about food taste