ബെംഗളൂരു: കര്‍ണാടകയിലെ യാദ്ഗിറില്‍ പീഡനശ്രമം ചെറുത്ത യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. സുരപുര്‍ താലൂക്കിലെ ഷഹാപുരില്‍ തിങ്കളാഴ്ച രാവിലെയാണ് ഭര്‍ത്തൃമതിയായ ഇരുപത്തിമൂന്നുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ സമീപഗ്രാമമായ ചൗദേശ്വരിഹല്‍ സ്വദേശി ഗംഗപ്പ ബസപ്പ അരോഹള്ളിയെ (32) അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ഗംഗപ്പ യുവതി മരിച്ചതറിഞ്ഞതോടെയാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ ഗംഗപ്പ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി എതിര്‍ത്തതോടെ പുറത്തിറങ്ങിയ ഇയാള്‍ പെട്രോളുമായി തിരികെവന്ന് യുവതിയുടെ ശരീരത്തിലൊഴിച്ച് തീകൊളുത്തി. കരച്ചില്‍കേട്ടെത്തിയ അയല്‍ക്കാര്‍ തീയണച്ച് യുവതിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് കലബുറഗി ജില്ലാ ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍ 95 ശതമാനത്തോളം പൊള്ളലേറ്റ യുവതി തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചു.

ഏറെക്കാലമായി ഗംഗപ്പ യുവതിയെ ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ശല്യം സഹിക്കാന്‍ കഴിയാതായതോടെ യുവതി ഗ്രാമത്തലവന്‍ ഉള്‍പ്പെടെയുള്ളവരോട് പരാതിപ്പെട്ടിരുന്നു. ഗ്രാമത്തലവന്‍ ഇയാളെ പരസ്യമായി താക്കീതും ചെയ്തു. ഇതോടെ ഗംഗപ്പയ്ക്ക് യുവതിയോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. യുവതിയെ നിരീക്ഷിച്ചുവരുകയായിരുന്നു ഇയാള്‍. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുലര്‍ച്ചെ ജോലിക്കുപോകുമെന്ന് മനസ്സിലാക്കിയ ഗംഗപ്പ വീടിന് സമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗംഗപ്പയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.സംഭവം അപലപനീയമാണെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു.