രാജ്കോട്ട്: ഗുജറാത്തിൽ 11 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാനമ്മ അറസ്റ്റിൽ. മോർബി സ്വദേശിയായ ഭവിഷ പ്രജാപതിയെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കനാലിൽനിന്ന് കണ്ടെടുത്തു. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഭവിഷയുടെ ഭർത്താവ് ജയേഷിന്റെ ആദ്യഭാര്യയിലെ മകനാണ് കൊല്ലപ്പെട്ട ധ്രുവ്. രണ്ടാംവിവാഹത്തിന് ശേഷവും ജയേഷിനൊപ്പമായിരുന്നു ധ്രുവ് താമസിച്ചിരുന്നത്. അടുത്തിടെ ഭവിഷയ്ക്കും ജയേഷിനും മറ്റൊരു ആൺകുഞ്ഞ് ജനിച്ചു. സ്വന്തം കുഞ്ഞുണ്ടായതോടെ ഭവിഷയ്ക്ക് ധ്രുവിനെ പരിപാലിക്കുന്നത് ബുദ്ധിമുട്ടായി. ഭർത്താവിന്റെ ആദ്യഭാര്യയിലെ മകൻ ജീവിച്ചിരിക്കുന്നതിൽ അരക്ഷിതത്വം തോന്നി. ഇതോടെയാണ് 11-കാരനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഒക്ടോബർ ആറാം തീയതിയാണ് ഭവിഷ ധ്രുവിനെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവദിവസം ധ്രുവിനോട് കനാലിന് സമീപത്ത് പോയി കുളിക്കാൻ ഇവർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പിറകേ പോയ യുവതി കുട്ടിയെ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അന്നേദിവസം തന്നെ ധ്രുവിനെ കാണാനില്ലെന്ന് ഭവിഷയും ജയേഷും പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടും പോലീസിന് ഒരു തുമ്പും ലഭിച്ചില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കുമെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിനിടെയാണ് ഭവിഷയെ വീണ്ടും ചോദ്യംചെയ്തത്.

ധ്രുവിനെ അവസാനമായി കണ്ടത് ഭവിഷയാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിശദമായി ചോദ്യംചെയ്തത്. ഒടുവിൽ പോലീസിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ യുവതി എല്ലാം തുറന്നുപറയുകയായിരുന്നു. ഭവിഷയുടെ മൊഴിയനുസരിച്ചാണ് പോലീസ് പിന്നീട് മൃതദേഹം കണ്ടെടുത്തത്.

Content Highlights:woman killed her stepson in gujarat