ഹൈദരാബാദ്: രഹസ്യബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ ഒമ്പതുവയസുകാരനായ മകനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു. തെലങ്കാന നല്‍ഗോണ്ടയിലെ ബുദ്ദറാം ഗ്രാമത്തിലായിരുന്നു അതിദാരുണമായ കൊലപാതകം. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

അറസ്റ്റിലായ സ്ത്രീയും 60 വയസ്സുകാരനും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലാണ്. ഈ ബന്ധം നേരത്തെ ഭര്‍ത്താവ് അറിഞ്ഞിരുന്നു. തുടര്‍ന്ന് 60 വയസ്സുകാരനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് അവഗണിച്ച് സ്ത്രീ കാമുകനുമായുള്ള അടുപ്പം തുടരുകയായിരുന്നു. 

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മകന്റെ കൊലപാതകത്തിന് കാരണമായ സംഭവമുണ്ടായത്. ഭര്‍ത്താവില്ലാത്ത സമയം വീട്ടിലെത്തിയ 60 വയസ്സുകാരനെയും സ്ത്രീയെയും മകന്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഒമ്പതുവയസുകാരന്‍ ഉറക്കം എഴുന്നേറ്റ് വന്നപ്പോഴാണ് അമ്മയുടെ പ്രണയലീലകള്‍ക്ക് സാക്ഷിയായത്. സംഭവം കണ്ടതോടെ മകന്‍ ഒച്ചവെയ്ക്കുകയും ഇത് അച്ഛനോട് പറയുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ പ്രകോപിതയായാണ് സ്ത്രീ മകനെ തുണി കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. 

മകന്റെ മരണം ഉറപ്പായശേഷം സ്ത്രീ അയല്‍ക്കാരെ വിളിച്ചുകൂട്ടുകയും മകന്‍ എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞ് കരയുകയും ചെയ്തു. തുടര്‍ന്ന് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഒമ്പതുവയസുകാരന്‍ മരിച്ചനിലയിലായിരുന്നു. മകന്  എന്തോ അസുഖമുണ്ടെന്നായിരുന്നു ഇവര്‍ അയല്‍ക്കാരോട് പറഞ്ഞത്. 

മകന്റെ മരണവിവരമറിഞ്ഞെത്തിയ പിതാവ് സംഭവത്തില്‍ തുടക്കംമുതലേ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പോലീസെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതിച്ചത്. അതേസമയം, കൊലപാതകത്തില്‍ കാമുകന്റെ പങ്കിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നും ഇയാള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നാണ് നിഗമനമെന്നും പോലീസ് പറഞ്ഞു. 

Content Highlights: woman killed her nine year old son in telangana