ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ബറേലി സ്വദേശി ഉമ ശുക്ല, കാമുകനായ സുനില്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ വലയിലാക്കുകയായിരുന്നു. 

തിങ്കളാഴ്ചയാണ് ബറേലിയിലെ കുമാര്‍ സിനിമ തിയേറ്ററിന് സമീപം 28-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ബറേലി സ്വദേശിയായ യോഗേഷ് സക്‌സേനയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. 

യോഗേഷും ഉമയും തമ്മില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. 2014 ല്‍ ഉമയുടെ വിവാഹം കഴിഞ്ഞെങ്കിലും ബന്ധം തുടര്‍ന്നു. ഇതിനിടെ ഭര്‍ത്താവുമായി ഉമ വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരിച്ചെത്തിയിട്ടും ഉമയെ വിവാഹം ചെയ്യാന്‍ യോഗേഷ് തയ്യാറായില്ല. അവിവാഹിതയായ മൂത്ത സഹോദരിയുടെ വിവാഹം കഴിയാതെ ഉമയെ താലികെട്ടാനാകില്ലെന്നായിരുന്നു യോഗേഷിന്റെ നിലപാട്. അതുവരെ കാത്തിരിക്കാനും ആവശ്യപ്പെട്ടു. യോഗേഷുമായുള്ള വിവാഹം നീണ്ടതോടെ ഉമ സുനില്‍ എന്നയാളുമായി അടുപ്പത്തിലായി. ഇതിനുപിന്നാലെയാണ് യോഗേഷിനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്. 

ഞായറാഴ്ച രാത്രി ആളൊഴിഞ്ഞ സ്ഥലത്തേക്ക് യോഗേഷിനെ വിളിച്ചുവരുത്തിയാണ് ഇരുവരും കൃത്യം നടത്തിയത്. ഉമ വിളിച്ചതനുസരിച്ച് എത്തിച്ചേര്‍ന്ന യോഗേഷിന്റെ കണ്ണിലേക്ക് സുനില്‍ മുളകുപൊടി വിതറുകയും പിന്നാലെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് പെട്രോള്‍ സംഘടിപ്പിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തു. യോഗേഷും ഉമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലഭിച്ച സൂചനയാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തുടര്‍ന്ന് പോലീസ് ഇരുവരെയും ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 

Content Highlights: woman killed her ex lover with new boyfriend in uttar pradesh