തിരുപ്പതി: ആന്ധ്രാപ്രദേശിലെ കടപ്പ പുലിവെണ്ടുലയില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു. അനന്തപുര സ്വദേശി റിസ്‌വാന(26)യെയാണ് കാമുകനായിരുന്ന ഹര്‍ഷവര്‍ധന്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞദിവസം രാവിലെയാണ് ദാരുണമായ കൊലപാതകം നടന്നത്. അനന്തപുര സ്വദേശിയായ റിസ്‌വാന അഞ്ചുവര്‍ഷം മുമ്പാണ് കടപ്പ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്. ഒരുവര്‍ഷം മുമ്പ് ഇവര്‍ പുലിവെണ്ടുലയിലേക്ക് താമസം മാറി. 

വിവാഹത്തിന് മുമ്പ് അനന്തപുര എന്‍.കെ.കല്‍വ സ്വദേശിയായ ഹര്‍ഷവര്‍ധനുമായി റിസ്‌വാന പ്രണയത്തിലായിരുന്നു. വിവാഹത്തോടെ ഈ ബന്ധം അവസാനിപ്പിച്ചിരുന്നെങ്കിലും അടുത്തിടെ ഇരുവരും വീണ്ടും പ്രണയത്തിലായി. തുടര്‍ന്ന് മൂന്ന് മാസം മുമ്പ് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് റിസ്‌വാന കാമുകനൊപ്പം ഒളിച്ചോടി. 

ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ റിസ്‌വാനയും ഹര്‍ഷവര്‍ധനും ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കള്‍ റിസ്‌വാനയെ അനുനയിപ്പിച്ച് തിരികെ പുലിവെണ്ടുലയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിനുപിന്നാലെയാണ് കാമുകന്‍ യുവതിയെ വീട്ടിലെത്തി കുത്തിക്കൊന്നത്. 

ബുധനാഴ്ച രാവിലെ മറ്റാരുമില്ലാത്ത സമയത്താണ് ഹര്‍ഷവര്‍ധന്‍ റിസ്‌വാനയുടെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 

Content Highlights: woman killed by lover in andhra pradesh