കുട്ടനാട്(ആലപ്പുഴ): പള്ളാത്തുരുത്തിക്കു സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അമ്പലപ്പുഴ പുന്നപ്ര തെക്ക് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിത(32)യാണു കൊല്ലപ്പെട്ടത്.

അനിതയെ കാമുകന്‍ പ്രബീഷും അയാളുടെ മറ്റൊരു കാമുകി രജനിയും ചേര്‍ന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്നു മൃതദേഹം കായലില്‍ തള്ളുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

അനിതയെ ഒഴിവാക്കാനായിരുന്നു പ്രബീഷ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് പോലീസ് പറഞ്ഞു. ഒന്നും രണ്ടും പ്രതികളായ പ്രബീഷും രജനിയും കസ്റ്റഡിയിലുണ്ടെന്നാണു സൂചന.

വെള്ളിയാഴ്ചയാണു കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രിഏഴു മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയന്‍തോടു പാലത്തിനു സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച അനിതയുടെ സഹോദരനെത്തിയാണു തിരിച്ചറിഞ്ഞത്. പ്രബീഷുമായുള്ള അടുപ്പത്തെ തുടര്‍ന്ന് ഭര്‍ത്താവായ അനീഷുമായി അകന്നു കഴിയുകയായിരുന്നു അനിതയെന്ന് പോലീസ് പറഞ്ഞു. അനീഷിനും അനിതയ്ക്കും രണ്ടു മക്കളുമുണ്ട്.

Content Highlights: woman killed and dumped body in backwater her lover and another woman in custody