വിതുര: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ച കേസിൽ അടിപ്പറമ്പ് ജെഴ്സി ഫാമിലെ താത്‌കാലിക ഡ്രൈവർ അറസ്റ്റിൽ. ബോണക്കാട് ബി ഡിവിഷനിൽ പ്രിൻസ് മോഹനാണ് (32) അറസ്റ്റിലായത്.

ഏപ്രിൽ 29-നാണ് ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ ഇയാൾ തന്റെ സ്വകാര്യ ഫാമിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പീന്നീട് പീഡിപ്പിച്ചതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ തെറ്റിദ്ധരിപ്പിച്ച് മരുന്നുനൽകി ഗർഭം അലസിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

ഭീഷണിപ്പെടുത്തി ഒരുലക്ഷത്തോളം രൂപ ഇയാൾ യുവതിയിൽനിന്നു വാങ്ങിയെന്ന് പോലീസ് പറയുന്നു. ബോണക്കാട് കുരിശുമല തീർഥാടനവുമായി ബന്ധപ്പെട്ട സംഘട്ടനത്തിൽ പോലീസ് ഉദ്യോഗസ്ഥരെയും വനപാലകരെയും ആക്രമിച്ചതിനും ബോണക്കാട് എസ്റ്റേറ്റിലെ ഫാക്ടറിയിൽനിന്നു യന്ത്രഭാഗങ്ങൾ മോഷ്ടിച്ചതും ഉൾപ്പെടെ പത്തോളം കേസുകളിലെ പ്രതിയാണ് പ്രിൻസ് മോഹൻ. ഇയാളെ കോടതി റിമാൻഡു ചെയ്തു.

വിതുര ഇൻസ്പെക്ടർ എസ്.ശ്രീജിത്ത്, എസ് ഐ. എസ്.എൽ സുധീഷ്, എ.എസ്.ഐ. അബ്ദുൽ കലാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights:woman kidnapped and raped in vithura one arrested