എടവണ്ണ: കുടുംബപ്രശ്നത്തിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതി ഒരു രാത്രി മുഴുവൻ നാട്ടുകാരേയും ബന്ധുക്കളേയും മുൾമുനയിൽ നിർത്തി അടുത്തദിവസം മടങ്ങിയെത്തി.

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് ചാലിയാറിലെ എടവണ്ണ ആര്യൻതൊടിക കടവിൽനിന്ന് യുവതി പുഴയിലേക്ക് ചാടിയത്. ഇത് കണ്ടയാൾ ഉടൻ പോലീസിൽ വിവരമറിയിച്ചു. പോലീസിന്റേയും തിരുവാലി, മഞ്ചേരി അഗ്നിരക്ഷാസേനയുടേയും സന്നദ്ധ സേവകരുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ രണ്ടരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേദിവസവും തിരച്ചിൽ നടത്താനിരിക്കെയാണ് അപ്രതീക്ഷിത മടങ്ങിവരവ്. നീന്തലറിയാവുന്ന യുവതി കരക്കു കയറി രാത്രി മുഴുവൻ തെങ്ങിൻ തോപ്പിൽ കഴിയുകയായിരുന്നുവെന്നും ആൾക്കൂട്ടത്തിന്റെ പ്രതികരണം ഭയന്നാണ് അവിടെ നിന്നതെന്നും പോലീസ് പറഞ്ഞു.

തിരച്ചിൽ നടക്കുന്ന സമയം ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നു. യുവതിക്ക് നീന്തൽ അറിയാമെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴോടെ കടവിന് സമീപത്തെ ഒരു വീട്ടിലെത്തുകയായിരുന്നു ഇവർ. കാണാതായെന്ന പരാതിയിൽ കേസെടുത്ത പോലീസ് കോടതി മുൻപാകെ ഹാജരാക്കി. കോടതി ഇവരെ ഭർത്താവിനൊപ്പം വിട്ടയച്ചു.

Content Highlights:woman jumped into river in edavanna